ബുവേനോസ് ആരീസ്: 44 നാവികരുമായി ഒരു വർഷം മുന്പു കാണാതായ എആർഎസ് സാൻഹുവാൻ എന്ന അർജന്റൈൻ മുങ്ങിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 15നാണ് അപ്രത്യക്ഷമായത്. രണ്ടു ദിവസം മുന്പാണ് പ്രസിഡന്റ് മൗരീസിയോ മക്രിയുടെ നേതൃത്വത്തിൽ നാവികരുടെ ബന്ധുക്കൾ വാർഷികാനുസ്മരണം നടത്തിയത്.
അർജന്റൈൻ നേവി യുഎസ് കന്പനിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് 800 മീറ്റർ ആഴത്തിൽ മുങ്ങിക്കപ്പൽ കണ്ടെത്തിയത്.
ജർമൻ നിർമിത ടിആർ-1700 ക്ലാസിൽപ്പെട്ട ഈ ഡീസൽ-ഇലക്ട്രിക്കൽ മുങ്ങിക്കപ്പൽ 1980ലാണ് കമ്മീഷൻ ചെയ്തത്. അടുത്തിടെ വൻ തുക മുടക്കി നവീകരിച്ചിരുന്നു. അർജന്റൈൻ തീരത്ത് പതിവ് അഭ്യാസത്തിനിടെ മുങ്ങിക്കപ്പലിന്റെ ബാറ്ററിക്കു കേടുപാടുണ്ടായതിനെത്തുടർന്നാണ് കാണാതായത്.