കൂത്തുപറമ്പ്: കണ്ണവം വനത്തിൽ വിറക് ശേഖരിക്കാനായി പോയ യുവതിയെ കാണാതായ സംഭവത്തിൽ പോലീസും വനപാലകരും ഊർജിത തെരച്ചിൽ ആരംഭിച്ചു. കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ എൻ. സിന്ധു (40) വിനെയാണ് ഡിസംബർ 31 മുതൽ കാണാതായത്.
ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ വനത്തിനകത്ത് വ്യാപക പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡ്രോണുകൾ പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് യുവതിയെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.