കോഴിക്കോട്: പുതുവര്‍ഷത്തില്‍ പ്രതീക്ഷയുടെ വാര്‍ത്ത. അവധിയെടുത്ത് നാട്ടിലേക്കു മടങ്ങവെ കാണാതായ മലയാളി സൈനികനെ ബംഗളൂരുവില്‍ കണ്ടെത്തി. ഇന്നു വീട്ടിലെത്തും. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണു (30) വിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ബംഗളൂരു മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് എലത്തൂര്‍ പോലീസ് ഇയാളെ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടില്‍നിന്ന് മാറിനില്ക്കേണ്ടിവന്നതാണെന്ന് വിഷ്ണു പറഞ്ഞതായി പോലീസ് അറിയിച്ചു. ഈ മാസം വിഷ്ണുവിന്റെ വിവാഹം നടക്കേണ്ടതാണ്. പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ബോക്സിംഗ് താരംകൂടിയായ വിഷ്ണു ജോലി ചെയ്യുന്നത്. ഡിസംബര്‍ 17ന് പുലര്‍ച്ചെയാണ് ഇയാളെ കാണാതായത്. അവധിക്ക് നാട്ടിലേക്കുവരികയാണെന്ന് 16ന് അമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
17ന് കണ്ണൂരില്‍ എത്തിയതായി വാട്സാപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാല്‍, രാത്രിയായിട്ടും വിഷ്ണുവിന്റെ വിവരെമാന്നും ലഭിച്ചില്ല. വീട്ടുകാര്‍ ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു.
വിഷ്ണുവിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ കണ്ടെത്തലിലേക്കു നയിച്ചത്.നവവത്സരത്തില്‍ പുതിയ പ്രതീക്ഷ നല്കുന്ന വിവരമാണ് വീട്ടുകാര്‍ക്ക് എത്തിയത്. എലത്തൂര്‍ സബ് ഇന്‍സ്പെകടർ മുഹമ്മദ് സിയാസ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ അതുല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വൈശാഖ് എന്നിവരടുങ്ങുന്ന സംഘമാണ് ഇയാളെ കണ്ടെത്തിയത്. ഇന്ന് കോടതിയില്‍ ഹാരാക്കിയശേഷം വീട്ടിലെത്തിക്കും.