പയ്യന്നൂര്‍: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണം ഉള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി കാണാതായ യുവാവിനെ സംബന്ധിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ബന്ധുക്കള്‍ക്കും പോലീസിനും വിവരമില്ല. പയ്യന്നൂര്‍ തെരു കാനം മമ്പലത്തെ സുരേന്ദ്രൻ-വിനോദിനി ദന്പതികളുടെ മകന് ആലയില്‍ വീട്ടില്‍ എ.വി സൂരജി(30)നെയാണ് ഓഗസ്റ്റ് 26 മുതല്‍ കാണാതായത്.
പാലക്കാട് ടിഎംടി കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന ഇയാള്‍ അടുത്തയിടെയാണ് പെരളത്തെ ഒരു ബേക്കറി സ്റ്റാളില്‍ ജോലിയില്‍ പ്രവേശിച്ചത്. സൈനികനായ സഹോദരന് സുധീഷിന്റെ കെഎല്‍ 55 കെ 9500 വെള്ള ഹുണ്ടായ് ഇയോണ്‍ കാറുമായാണ് നാട്ടില്‍ നിന്ന് പോയത്. ഈ കാറിനെ കുറിച്ചും യാതൊരു വിവരവുമില്ല.
വലിയപറമ്പ് എളമ്പച്ചി സ്വദേശിനിയെ അഞ്ച് വര്‍ഷം മുമ്പാണ് സൂരജ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും കുട്ടികളില്ല.നാല് ലക്ഷത്തോളം രൂപ സൂരജിന്റെ കൈയിലുള്ളതായി സഹോദരന് നല്കിയ പരാതിയില്‍ പറയുന്നതായി പോലീസ് പറയുന്നു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഭാര്യ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം പയ്യന്നൂര്‍ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്. പിന്നീടാണ് സഹോദരന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തത്.