‘വെഞ്ഞാറമൂട് : ഇരുപത്തിനാല് മണിക്കൂർ നീണ്ട ആശങ്കകൾക്ക് വിരാമമായി കാണാതായ മൂന്നു കുട്ടികളെയും ഇന്നലെ പാണയം വനാതിർത്തിയിൽ നിന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 നാണ് പുല്ലമ്പാറ പാണയത്തിൽ നിന്നും ബന്ധുക്കളായ 14 വയസുള്ള രണ്ട് കുട്ടികളും 11വയസുള്ള ഒരു കുട്ടിയെയും കാണാതായത്.
വീട്ടിലുണ്ടായിരുന്ന സമ്പാദ്യകുടുക്ക പൊട്ടിച്ചു അതിലുണ്ടായിരുന്ന പണവും സ്കൂൾ ബാഗിൽ വസ്ത്രങ്ങളുമായാണ് കുട്ടികൾ വീടുവിട്ടത്.
പനവൂർ ജംഗ്ഷനിൽ പോയി ബേക്കറിയിൽ നിന്നും ജ്യൂസും മിഢായിയും മറ്റും വാങ്ങിയതിനുശേഷം ഇതിൽ ഒരു കുട്ടിയുടെ അമ്മൂമയുടെ വീട്ടിൽ വരികയും സ്കൂൾ ബാഗ് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ വച്ചിട്ട് അവിടുത്തെ ടെറസിൽ കിടന്നുറങ്ങി. ഇതിനിടെ രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി.
ഒരു കുട്ടി ഇതിനു മുൻപും വീടുവിട്ട് പോയിട്ടുള്ളതാണെന്ന് കണ്ടെത്തി.ഇന്നലെ രാവിലെ ടെറസിൽ നിന്നിറങ്ങി താഴെ ബാഗ് എടുക്കാനെത്തിയ കുട്ടികളെ അമ്മൂമ്മ കണ്ടു എന്ന് സംശയിച്ച് സമീപത്തെ വനത്തിലേക്ക് ഓടി കയറുകയായിരുന്നു.
പ്രദേശത്ത് തന്നെ ബാഗും ചെരുപ്പും കണ്ടതോടെ വനപാലകരും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ തെരച്ചിൽ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് ഒരു ദിവസം മാറി നിൽക്കാനുള്ള പ്ലാനായിരുന്നുവെന്നും പോലീസ് തിരയുന്നു എന്ന് മനസിലായതോടെ പോലീസിനെയും രക്ഷിതാക്കളെയും പേടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതാണെന്നും കുട്ടികൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയശേഷം കുട്ടികളെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.