ഇടുക്കി: മൂന്നു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് പിന്നീട് കട്ടപ്പനയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ വിശദമായ കൗണ്‍സിലിംഗിനു വിധേയരാക്കും.
മൂന്നു ദിവസം പോലീസും പെണ്‍കുട്ടികളുടെ ബന്ധുക്കളും നടത്തിയ നീണ്ട തെരച്ചിലിനും ആശങ്കള്‍ക്കും ഒടുവിലാണ് തമിഴ്നാട്ടിലുള്‍പ്പെടെ കറങ്ങിയ പെണ്‍കുട്ടികളെ കട്ടപ്പനയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ ബസിറങ്ങിയ കുട്ടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ണില്‍ പെടുകയായിരുന്നു.
പെണ്‍കുട്ടികളിലൊരാളുടെ സ്വര്‍ണ മാല പണയം വച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനു വീട്ടില്‍ വഴക്കു പറയുകയും ഇക്കാര്യം സ്കൂളിലറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് നാടു വിടാന്‍ തീരുമാനിച്ചത്.
പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥികളും ചപ്പാത്ത് സ്വദേശിനികളുമായ കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.
ഏലപ്പാറയില്‍ എത്തിയ ഇവര്‍ സ്കൂളില്‍ കയറാതെ കുരിശു പള്ളിക്കു സമീപം ബാഗ് ഉപേക്ഷിച്ച ശേഷം കട്ടപ്പനക്ക് വണ്ടി കയറി. അവിടെ നിന്നും തിരുവനന്തപുരം ബസില്‍ കയറി.
ഒരു കുട്ടിയുടെ മുത്തച്ഛന് താമസിക്കുന്ന ശിവകാശിയിലെത്തുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നു.
ഇതോടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ വിറ്റ പണവുമായി തമിഴ്നാട്ടിലേക്ക് വണ്ടി കയറി. എന്നാല്‍ 7000 മുന്ന എന്ന സ്ഥലമെത്തിയപ്പോള്‍ ശിവകാശിക്കുള്ള വഴി മാറിയതായി സംശയം തോന്നിയതോടെ തിരികെ പോരുകയായിരുന്നു.
കട്ടപ്പനയില്‍ വന്നിറങ്ങിയപ്പോഴാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കുട്ടികള്‍ തിങ്കളാഴ്ച കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറുന്നത് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സ്റ്റാന്‍ഡില്‍ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കും പോലീസ് സംഘം പോയിരുന്നു.
രണ്ടു കുട്ടികളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ രക്ഷ കര്‍ത്താക്കള്‍ സ്കൂളില്‍ ചെല്ലാനിരിക്കെയാണ് ഇവര്‍ സ്കൂളില്‍ കയറാതെ നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ കൗണ്‍സിലിംഗിനു വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചത് .