കോട്ടയം: ഈരാറ്റുപേട്ട പോലീസിന് ഒരു കുടുംബത്തിന്റെ ബിഗ് സല്യൂട്ട്. ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനാറുകാരിയെ നേരം വെളുക്കുന്നതിനു മുൻപ് അമ്മയുടെ അടത്തെത്തിക്കാമെന്നായിരുന്നു എസ്ഐയുടെ വാക്ക്. അത് അദ്ദേഹം പാലിക്കുക തന്നെ ചെയ്തു.
ഇന്നലെ സ്കൂളിലേക്ക് പോയ പതിനാറുകാരി വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല. സ്കൂളിൽ ചെന്നില്ലെന്നറിഞ്ഞതോടെ വീട്ടുകാർ പോലീസിനെ സമീപിച്ചു. സംഭവം കേട്ടയുടൻ ഈരാറ്റുപേട്ട എസ്ഐ സുധീർ ടി.കെ വീട്ടുകാർക്ക് വാക്കുകൊടുത്തു. നാളെ നേരം വെളുക്കുന്നതിനു മുൻപേ മകളെ വീട്ടിലെത്തിക്കാമെന്ന്. അപ്പോൾ തന്നെ അദ്ദേഹം അന്വേഷണം ആരംഭിച്ചു.
ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. മകൾ ഫോണ്‍ കൊണ്ടുപോയിട്ടില്ല എന്നായിരുന്നു ആദ്യ അറിവ്. എന്നാൽ എസ്ഐ വീട്ടുകാരുടെ എല്ലാവരുടെയും ഫോണ്‍ നന്പരുകളും മറ്റും ചോദിച്ചറിഞ്ഞു. അതെല്ലാം പരിശോധനയ്ക്കു വിധേയമാക്കി. ഇനി ഏതെങ്കിലും സിം കാർഡ് ഉണ്ടോ എന്നായി അടുത്ത അന്വേഷണം. ഇല്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി.
പഴയ സിംകാർഡ് വല്ലതും മറന്നിരിപ്പുണ്ടോ എന്നായിരുന്നു എസ്ഐയുടെ അന്വേഷണം. അപ്പോഴാണ് അമ്മ രണ്ടാഴ്ച മുന്‍പെടുത്ത ഒരു സിം കാർഡ് കാണാനില്ല എന്നറിയുന്നത്. ഈയൊരു സിം കാർഡാണ് പെണ്‍കുട്ടിയെ പോലീസിന് കാട്ടിക്കൊടുത്തത്.
കാണാതായ സിം കാർഡ് വച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ കോട്ടയം വടവാതൂരിലാണ് ലൊക്കേഷൻ കാണിച്ചത്. വടവാതൂരിൽ ഏതു ഭാഗത്താണെന്നു മനസിലാക്കി പോലീസ് അവിടെയത്തി. വടവാതൂരിൽ പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും കാണുമെന്ന് പോലീസ് മനസിലാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടി താമസിച്ച വീട്ടിൽ എത്തി പുലർച്ചെ പെണ്‍കുട്ടിയുമായി പോലീസ് ഈരാറ്റുപേട്ടയിലെത്തി മാതാപിതാക്കൾക്ക് കൈമാറി.