കോട്ടയം: രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായെന്ന പരാതിയിൽ കറുകച്ചാൽ, മല്ലപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയെ കാണാതായതിന് മല്ലപ്പള്ളിപോലീസും ശാന്തിപുരം സ്വദേശിയെ കാണാതായതിന് കറുകച്ചാൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ ഇരുവരും വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.ഒരാൾക്ക് മൊബൈൽ ഫോണുണ്ട്. തൃശൂരിൽ എത്തിയതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. പിന്നീട് ഫോണ്‍ ഓഫാക്കി. തൃശൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളെകുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.
മുംബൈക്ക് പോകണമെന്നു സുഹൃത്തിനോട് പറഞ്ഞതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്.കാണാതായ രണ്ടു പേരും വായ്പൂരിലെ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്.