കൊച്ചി: മുളവുകാട് പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെ മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നു പുലർച്ചെ കണ്ടെത്തി.
രണ്ടു പെണ്‍കുട്ടികൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികളെ മുളവുകാടുനിന്ന് ഇന്നലെയാണ് കാണാതായത്. മൂവരും നഗരത്തിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായിരുന്നു.
സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലെത്തി യൂണിഫോം മാറി മൂവരും സാധാരണ വേഷത്തിലാണ് പോയത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ആ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു.
ഇവർ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ ആണ്‍കുട്ടിയുടെ യൂണിഫോം കണ്ടത്. സംശയം തോന്നി സ്കൂളിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ലെന്ന് അറിയിച്ചു.
തുടർന്ന് മാതാപിതാക്കൾ രാത്രി ഏഴോടെ മുളവുകാട് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടു കുട്ടികളുടെ കൈയിലും മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു.
സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആദ്യം ടവർ ലൊക്കേഷൻ തൃശൂർ കാണിച്ചിരുന്നു, പിന്നീട് ഫോണ്‍ ഓഫാകുകയായിരുന്നു.
പോലീസ് ഉടൻ തന്നെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിലും സാമൂഹ്യ മാധ്യമങ്ങളിലും കുട്ടികളെ കാണാതായത് സംബന്ധിച്ച് വിവരം കൈമാറിയിരുന്നു.
തുടർന്ന് ഇടയ്ക്കു കുട്ടികൾ ഫോണ്‍ ഓണാക്കിയെങ്കിലും പെട്ടെന്ന് ഓഫ് ചെയ്യുകയാണുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടിന് മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കുട്ടികളെ കണ്ടെത്തിയ വിവരം മലപ്പുറം പോലീസ് മുളവുകാട് പോലീസിനെ അറിയിക്കുയായിരുന്നു.
തുടർന്ന് എസ്ഐ ശ്രീജിത്ത്, പോലീസുകാരായ കെ.ആർ. രാജേഷ്, തോമസ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ തന്നെ മലപ്പുറത്തേക്ക് പുറപ്പെട്ടു. കുട്ടികളുമായി സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടതായി മുളവുകാട് പോലീസ് അറിയിച്ചു.
പെണ്‍കുട്ടികളിൽ ഒരാൾക്ക് ആണ് സുഹൃത്തിനോടുണ്ടായ പ്രണയം വീട്ടുകാർ എതിർത്തതാണ് നാടുവിടാൻ കാരണമെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. പതിമൂന്നുകാരായ മൂവരും ആത്മാർഥ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.