കോട്ടയം: അമ്മയോടുപിണങ്ങി വീടു വിട്ടിറങ്ങിയ വിദ്യാർഥി ആലുവ വരെ യാത്ര ചെയ്തശേഷം തിരികെ മടങ്ങിയെത്തി. കുറിച്ചി പാത്താമുട്ടം സ്വദേശിയായ പതിനെട്ടുകാരനെ തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ കാണാതായിരുന്നു.
ട്യൂഷനു പോയ വിദ്യാർഥി രാത്രി വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ രാത്രി ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ട്യൂഷന് പോകാൻ സ്വകാര്യ ബസിൽ കയറിയ വിദ്യാർഥി കോട്ടയത്താണ് ഇറങ്ങിയതെന്നു ബസ് ജീവനക്കാർ അറിയിച്ചു. പോലീസ് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ട്രെയിൻ കയറിയ വിദ്യാർഥി രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചശേഷം ആലുവായിലെത്തി.
കൈവശം കരുതിയ പണം തീർന്നതോടെ കറങ്ങി നടന്നു. ടീഷർട്ടും ഷോർട്സും ധരിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന വിദ്യാർഥിയോട് സ്റ്റേഷനിലെത്തിയ യാത്രികൻ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.
അമ്മയോട് പിണങ്ങി വീടുവീട്ടിറങ്ങിയതാണെന്നു മനസിലാക്കി യാത്രികൻ ഭക്ഷണവും വെള്ളവും വാങ്ങി നൽകിയശേഷം ആലുവാ റെയിൽവേ സ്റ്റേഷനിൽനിന്നും കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്ത് വിദ്യാർഥിയെ ട്രെയിൻ കയറ്റിവിട്ടു.
ഇന്നലെ രാത്രി 8.15ന് നാഗന്പടം സ്റ്റാൻഡിൽനിന്നും ചങ്ങനാശേരി ഞാലിയാകുഴിയിലേക്കുള്ള സ്വകാര്യ ബസിൽ കയറിയ വിദ്യാർഥിയെ തിരിച്ചറിഞ്ഞ ബസ് ജീവനക്കാർ ചിങ്ങവനം പോലീസിൽ വിവരമറിയിക്കുകയും സ്റ്റേഷനിൽ ബസ് എത്തിച്ച് വിദ്യാർഥിയെ പോലീസിൽ ഏല്പിക്കുകയും ചെയ്തു.
മൊബൈൽ ഫോണ് അമിതമായി ഉപയോഗിക്കുന്നതിന് അമ്മ പതിവായി വഴക്കു പറഞ്ഞതിനെത്തുടർന്നാണ് വീട്ടിൽനിന്നും ഇറങ്ങിയതെന്നും കൈവശം കരുതിയ പണം തീർന്നുപോയെന്നും പോലീസിനോടു വിദ്യാർഥി പറഞ്ഞു.
തുടർന്ന് അമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിദ്യാർഥിയെ വീട്ടിലേക്കയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തതിനാൽ ഇന്നു രാവിലെ വിദ്യാർഥിയെ മജിസ്ട്രേറ്റിനു മുന്പിൽ ഹാജരാക്കും.