വിഴിഞ്ഞം: വീടുവിട്ടിറങ്ങിയ പതിനാലുകാരി പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. കളിയിക്കാവിള, നാഗർകോവിൽ വഴി ചെന്നൈക്ക് വണ്ടി കയറിയ വിദ്യാർഥിനി വൈകുന്നേരത്തോടെ ഒരു ട്രാവൽ ഏജൻസിയിൽ അഭയം തേടിയതോടെ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും വിരാമമായി.
വിഴിഞ്ഞം സ്വദേശിനിയായ പതിനാലുകാരിയാണ് അധികൃതരെ ഒരു ദിവസംവെള്ളം കുടിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയോടെ കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
കൂടാതെ വാട്സ് ആപ് കൂട്ടായ്മകളുടെ സഹായവും ബന്ധുക്കൾ തേടിയിരുന്നു. വിഴിഞ്ഞം പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക ടീമും രൂപീകരിച്ചു.
തമിഴ്നാട്ടിലെ ഏർവാടി ,ആറ്റിൻകര പള്ളി എന്നിങ്ങനെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ മുൻപ് പോയിരുന്നതായും കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പോലീസ് രാവിലെ തന്നെ അങ്ങോട്ട് തിരിച്ചു.
സിഐയുടെ നേതൃത്വത്തിൽ കളിയിക്കാവിള കേന്ദ്രികരിച്ചും നിരീക്ഷണം തുടർന്നു.എന്നാൽ വിഴിഞ്ഞത്തുനിന്ന് കളിയിക്കാവിള വഴി ചെന്നൈക്ക് ബസ് കയറിയ കുട്ടി വൈകുന്നേരത്തോടെ ചെന്നൈ ബസ് സ്റ്റാൻഡിൽ ഇറങ്ങി.
അവിടെ നിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞ ബാലിക സഹായത്തിനായി ഒരു ട്രാവൽ ഏജന്റിനെ സമീപിച്ചു.കാര്യങ്ങൾ തിരക്കിയ ഏജൻസി വൈകുന്നേരത്തോടെ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുമായി വീഡിയോ കോൾ നടത്തി. സിഐയുടെ നിർദേശപ്രകാരംഏർവാടിക്ക് പോയ പോലീസ് സംഘം ചെന്നൈയിലെത്തി കുട്ടിയെ ഏറ്റു വാങ്ങി വിഴിഞ്ഞത്ത് തിരികെ എത്തിച്ചു.