കുറവിലങ്ങാട്: കഴിഞ്ഞ ദിവസം വീടുവിട്ട് ഉൗരുചുറ്റാനിറങ്ങി വീട്ടുകാരെ ആശങ്കയിലാക്കിയ വിദ്യാർത്ഥികളെ വെട്ടിലാക്കിയത് പോക്കറ്റിൽ കിടന്ന ഫോണ്. കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ സജീവമായി രംഗത്തിറങ്ങിയ പോലീസ് ആദ്യംചെയ്തത് സംസ്ഥാനമാകെ സന്ദേശം നൽകുകയായിരുന്നു.
തുടർന്ന് നാലംഗസംഘത്തിലെരാളുടെ മൈബൈൽ ഫോണിന്റെ സ്ഥലം കണ്ടെത്താനായി ശ്രമം. ഇവരിൽ ഫോണുള്ളയാൾ ചേർത്തല തെക്ക്, അർത്തുങ്കൽ ഭാഗത്താണെന്ന് കണ്ടെത്തിയതോടെ പോലീസിന് പണി എളുപ്പമായി. ഉടൻ വിവരം ചേർത്തല, അർത്തുങ്കൽ പോലീസിന് കൈമാറി. അർത്തുങ്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു.
കാണക്കാരിയിലെ പ്രമുഖ സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ നാലംഗസംഘമാണ് വീട്ടുകാരേയും നാട്ടുകാരേയും ആശങ്കയിലാക്കി ഇന്നലെ ഉച്ചയോടെ മുങ്ങിയത്. പോലീസ് ബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥികൾ പോലീസ് വലയിലായത് പോലീസിനും അഭിമാനമായി.
ഇന്നലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ വിദ്യാർത്ഥികൾ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിനിടെ വിദ്യാർത്ഥികൾ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിരുന്നു.
ഇതനുസരിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. അർത്തുങ്കൽ സ്റ്റേഷനിലെത്തി വിദ്യാർത്ഥികളെ കുറവിലങ്ങാട് പോലീസ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ കണ്ടെത്തിയെന്ന വാർത്ത ഇവരുടെ കുടുംബങ്ങൾക്കും പോലീസിനും നൽകിയ ആശ്വാസം ചെറുതല്ല.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പമുള്ള കറക്കം എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.