പയ്യന്നൂര്‍: തമിഴ്നാട്ടില്‍ ബേക്കറി ജോലിക്ക് എത്തിയ രാമന്തളി കക്കമ്പാറയിലെ യുവാവ് ബേക്കറിക്ക് സമീപത്തെ രണ്ടുമക്കളുടെ മാതാവായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ ധര്‍മപുരിയിലെ കോണ്‍ക്രീറ്റ് തൊഴിലാളിയായ സി.ഗണേശാണ് (33) പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പത്ത് ദിവസം മുമ്പാണ് സംഭവം. പരാതിക്കാരന്റെ വീടിന് സമീപത്തെ ബേക്കറിയില്‍ കക്കമ്പാറ സ്വദേശിയായ യുവാവ് കുറച്ചു നാളുകളായി ജോലിചെയ്തിരുന്നു.ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയപ്പോഴാണ് ഭാര്യയുമായി ഇയാള്‍ പരിചയപ്പെട്ടതെന്നാണ് ഗണേശന് പറയുന്നത്.
ഭാര്യയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബേക്കറിയില്‍ ജോലിചെയ്തിരുന്നയാളെയും കാണാതായ വിവരമറിയുന്നത്.ബേക്കറിയുടമയില് നിന്നാണ് ഇയാളുടെ പേരും കക്കമ്പാറയിലാണ് താമസമെന്നും മനസിലാക്കിയത്.
യുവതിയുടെ ഭര്‍ത്താവും പത്തും എട്ടും വയസുള്ള മക്കളും ബന്ധുക്കളും ഇന്ന് രാവിലെയാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കക്കന്‍പാറ സ്വദേശി ഒരു യുവതിയുമായി ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ രണ്ടുമൂന്ന് ദിവസങ്ങളായി ഇവരെ കാണാനില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.