മുക്കൂട്ടുതറ: അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും കോടതി വിധിച്ചപ്പോൾ പ്രതിക്കൂട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട പ്രതിക്കായി എരുമേലി പോലീസ് അന്വേഷണം തുടങ്ങി.
പ്രതി എരുമേലി പോലീസ് സ്റ്റേഷൻ പരിധിക്കടുത്തുള്ള വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആളായതിനാൽ വെച്ചൂച്ചിറ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
മുക്കൂട്ടുതറയിൽ ബാർബർ ഷോപ്പ് നടത്തുന്നയാളെ മർദിച്ച കേസിലാണ് വിധിക്ക് മുമ്പ് പ്രതികളിൽ ഒരാൾ കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കോട്ടയം സെഷൻസ് കോടതിയിലായിരുന്നു സംഭവം. ചാത്തൻതറ സ്വദേശി കണ്ണന്താനം താഹ (41) ആണ് രക്ഷപ്പെട്ടത്.
ഇയാളും സഹോദരൻ തൗഫീഖ്, സുഹൃത്ത് മുക്കൂട്ടുതറ ഓലക്കുളം സ്വദേശി ഹരി എന്നിവരായിരുന്നു കേസിലെ പ്രതികൾ.
ശിക്ഷ വിധിക്കുകയാണെന്ന് ജഡ്ജി അറിയിച്ചതോടെ താഹ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് പ്രതിക്കായി എരുമേലി പോലീസും ഒപ്പം വെച്ചൂച്ചിറ പോലീസും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നാല് വർഷം മുമ്പ് ജൂലൈ 21 ന് രാത്രിയിലാണ് പ്രതികൾ മുക്കൂട്ടുതറ പനയ്ക്കവയൽ ഭാഗത്ത് വച്ച് ബാർബർ ഷോപ്പ് ഉടമ തുമരംപാറ താഴത്താക്കൽ രമേശനെ മർദിച്ചത്.
സ്കൂട്ടറിൽ പോവുകയായിരുന്ന രമേശനെ ബുള്ളറ്റിലും ബൈക്കിലും പിന്തുടർന്ന് എത്തിയ പ്രതികൾ വാഹനം ഇടിപ്പിക്കുകയും മറിച്ചിടുകയും ചെയ്ത ശേഷം ബലമായി കീഴടക്കുകയും വായിൽ മദ്യം ഒഴിച്ചു കുടിപ്പിക്കുകയും മർദിക്കുകയും തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
സഹോദരങ്ങളായ പ്രതികളുടെ പിതാവ് മരണപ്പെട്ടപ്പോൾ ഫേസ്ബുക്കിൽ ആദരാഞ്ജലി പോസ്റ്റിന് രമേശൻ മോശം കമന്റ് നൽകിയതാണ് മർദിക്കാൻ കാരണമെന്ന് കേസിൽ പറയുന്നു.
പ്രതികൾ നേരത്തെ വ്യാപാരി സംഘടനയിൽ പരാതി നൽകിയപ്പോൾ കമന്റ് പിൻവലിച്ച് രമേശൻ ക്ഷമാപണം നടത്തിയിരുന്നെന്നും ഇതിന് ശേഷമാണ് മർദിച്ചതെന്നും പറയുന്നു.
മർദനത്തിൽ തലയിൽ ഗുരുതരമായ പരിക്കേറ്റത് മുൻനിർത്തി പ്രതികൾക്കെതിരെ വധ ശ്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.