കോട്ടയം: ദുരൂഹത ഒഴിയാതെ ദമ്പതികളുടെ തിരോധാനം. കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമും(42) ഭാര്യ ഹബീബയും (37) കാണാതായ സംഭവം ദുരൂഹതയിലേക്കു നീങ്ങുന്നു.അന്വേഷണത്തിൽ ദന്പതികളെപ്പറ്റി സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും മാറി നിൽക്കുന്നതാണോ വെള്ളത്തിൽ വീണു അപകടത്തിൽപ്പെട്ടതാണോയെന്നു സംഘം അന്വേഷിക്കുന്നതിനിടെ സമീപവാസികൾക്ക് അന്വേഷണത്തിൽ തൃപ്തിയില്ല. ഏതാനും പേരുടെ മൊഴിയിൽ വൈരുധ്യമുള്ളത് പോലീസ് അന്വേഷിക്കുന്നുണ്ട്.
സമീപവാസികളിൽ ചിലർ ഇവരുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞു കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രി ഒന്പതിനു വീട്ടിൽനിന്നു കാറിൽ പുറത്തേക്കുപോയ ദന്പതികൾ പിന്നീട് തിരിച്ചുവന്നില്ല. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല.
തിരോധാനവും കേസ് അന്വേഷണവും ആറുമാസം പിന്നിട്ടിട്ടും തുന്പൊന്നും ലഭിക്കാത്തതിൽ അന്വേഷണ സംഘത്തിനൊപ്പം ബന്ധുക്കളും വലിയ നിരാശയിലാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി താഴത്തങ്ങാടി ആറ്റിലും കൈ തോടുകളിലും നേവിയുടെ സംഘവും മുന്പു തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ മുതൽ വീണ്ടും ഹമ്മിംഗ്ബേർഡ് എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയും പരിശോധനകൾ നടത്തുകയാണ്.
ഇന്നലെ കുമരകം ബോട്ട് ജെട്ടി മുതൽ ചുങ്കംവരെയാണു തെരച്ചിൽ നടത്തിയതെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നു രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കൊടുരാറ്റിൽ തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലാണു പരിശോധകൾ നടക്കുന്നത്.