തിരുവല്ല: തിരുവല്ലയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് ഇന്നലെ മുതല്‍ കാണാതായത്.
കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാവ് തിരുവല്ല പോലീസില്‍ നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രിയില്‍ അന്വേഷണം നടത്തിയതായി തിരുവല്ല എസ്എച്ച്ഒ ബി.കെ. സുനില്‍ കൃഷ്ണന് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയിലും ഉള്‍പ്പെടെ പരിശോധനകള്‍ രാവിലെയും തുടര്‍ന്നു. സമീപ പോലീസ് സ്റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ വിവരം കൈമാറിയിരുന്നു. സ്കൂള്‍ പരിസരത്തുനിന്നാണ് കുട്ടിയെ കാണാതായതെന്നാണ് പ്രാഥമിക വിവരം. കുട്ടി രാവിലെ സ്കൂളില്‍ പരീക്ഷയ്ക്കെത്തിയിരുന്നതായി പറയുന്നു.