തൊടുപുഴ: നാലംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണന്റെ കുടുംബത്തെയാണ് ഇന്നലെ രാവിലെ മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇവരുടെ വീടിനു സമീപം മണ്ണിളകി കിടക്കുന്ന നിലയിൽ കണ്ടെത്തി. വീട് കനത്ത പോലീസ് കാവലിലാണ്.
ഇന്നലെ രാവിലെ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൃഷ്ണനും ഭാര്യയും രണ്ടു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ വീട്ടിൽ ആളനക്കം ഇല്ലാതിരുന്നതിനെ തുടർന്നാണ് അയൽവാസികൾ വീട്ടിൽ അന്വേഷണം നടത്തിയത്. വീട്ടിലെ തറയിൽ രക്തം തളം കെട്ടിയ നിലയിലും ഭിത്തിയിൽ ചിതറിത്തെറിച്ച നിലയിലും കണ്ടെത്തി. വീടിന്റെ പിന്നിലായാണ് കുഴിയെടുത്ത നിലയിൽ മണ്ണിളകി കിടക്കുന്നത് കണ്ടത്.
വിവരം അയൽക്കാർ ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. കാളിയാർ സിഐയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വൻ പോലീസ് സംഘവും സ്ഥലത്തെത്തി.
മണ്ണ് ഇളകിക്കിടക്കുന്നതിനാൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തി കുഴിച്ചുമൂടിയാതാണോയെന്നാണ് സംശയം. സംഭവം അറിഞ്ഞ് വൻ ജനാവലിയും സ്ഥലത്തെത്തി. മണ്ണ് മാറ്റി പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇടുക്കിയിൽ നിന്നും സയന്റിഫിക് വിദഗ്ധർ ഉൾപ്പെടെ പരിശോധനക്കായി സ്ഥലത്തെത്തും.
വീട് കനത്ത പോലീസ് ബന്തവസിലാണ്. മുണ്ടക്കത്തു നിന്നും ഇവിടെയെത്തിയ കൃഷ്ണൻ ഏറെ നാളായി കന്പകക്കാനത്താണ് താമസം. കൃഷിപ്പണിയാണ് കുടുംബത്തിന്.