വൈക്കം: അക്ഷയ സെന്ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അമ്മയെയും കുഞ്ഞിനേയും കാണാതായതായി പരാതി.വൈക്കം നാനാടം പിതൃകുന്നം സ്വദേശിയായ 23 കാരിയേയും രണ്ടു വയസുള്ള കുഞ്ഞിനേയുമാണ് ഇന്നലെ രാവിലെ 10.30 ഓടെ കാണാതായത്.
ആലപ്പുഴ കൈനകരിയിൽ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെത്തുടർന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. വൈക്കത്തു പോയിട്ട് തിരിച്ചു വരാൻ വൈകിയതോടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
യുവതിയുടെ മൊബൈൽ ഫോണ് പ്രവർത്തനരഹിതമാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതോടെ യുവതിയുടേയും കുഞ്ഞിന്റെയും തിരോധാനത്തിലെ ദുരൂഹത നീങ്ങുമെന്ന് പോലീസ് പറഞ്ഞു. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.