സ്വന്തം ലേഖകൻ
കൂത്തുപറമ്പ്: തീർഥയാത്രയ്ക്കിടയിൽ കൈവിട്ടു പോയ ഗൃഹനാഥനെ കാത്തിരിക്കുകയാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കായലോടിനടുത്ത് പറമ്പായിയിലെ ഒരു കുടുംബം. വീട്ടുകാർ ഉൾപ്പെടെ പ്രദേശവാസികളായ അമ്പതോളം പേർ ഉൾപ്പെടുന്ന തീർഥാടക സംഘത്തിലെ അംഗമായിരുന്നു പറമ്പായി ഷജിൽ നിവാസിൽ ഒതയേടത്ത് വാസു (73). മധുരമീനാക്ഷി ക്ഷേത്ര ദർശനത്തിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. അന്നു മുതൽ ബന്ധുക്കളും പോലീസും തുടങ്ങിയതാണ് അന്വേഷണം. എന്നാൽ വാസുവിനെ കണ്ടെത്താനുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
2017 നവംബർ 17നായിരുന്നു വാസുവും കുടുംബവും ഉൾപ്പെടെ പ്രദേശവാസികളായ അമ്പതോളം പേരടങ്ങുന്ന സംഘം ബസ് ഏർപ്പെടുത്തി മധുര, രാമേശ്വരമുൾപ്പെടെ തീർഥാടക യാത്ര പുറപ്പെട്ടത്.18 ന് പഴനി ക്ഷേത്ര ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ സംഘം മധുര മീനാക്ഷി ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനകത്തേക്ക് കയറുന്നില്ലെന്ന് പറഞ്ഞ് വാസു ക്ഷേത്രത്തിന്റെ പുറത്ത് കവാടത്തിനടുത്ത് നില്ക്കുകയായിരുന്നു.
എന്നാൽ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് വാസുവിനെ കണ്ടെത്താനായില്ല. പിന്നെ പരിസരമാകെ തെരച്ചിലായി. വാസുവിനെ കണ്ടെത്താനായി സംഘത്തിലെ കുറച്ചു പേർ അവിടെ തന്നെ തങ്ങി. മറ്റുള്ളവർ നാട്ടിലേക്ക് തിരിച്ചു. മധുര റെയിൽവേ സ്റ്റേഷനിലും ബസ്റ്റാൻഡിലും മറ്റും ഇവർ അന്വേഷിച്ചു.
നേരത്തെ മധുര മീനാക്ഷി ക്ഷേത്ര കവാടത്തിൽ മറ്റുള്ളവരെ കാത്ത് നിന്ന വാസു കുറച്ചു സമയത്തിന് ശേഷം സമീപത്തെ റോഡ് മുറിച്ചു കടക്കുന്നതായുള്ള സിസിടിവി കാമറ ദൃശ്യം മാത്രം സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ മധുര പോലീസിൽ പരാതി നല്കിയിരുന്നു. അതിനു ശേഷം ഡിസംബർ ആറിന് വാസുവിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലും പരാതി നല്കിയിരുന്നു.
കാണാതാവുന്ന സമയത്ത് വാസുവിന്റെ കൈവശം ആറായിരത്തോളം രൂപ ഉണ്ടായതായും പറയുന്നു. കൊല്ലപ്പണിയെടുത്തു വരുന്നയാളാണ് വാസു. വീട്ടിൽ നിന്ന് മാറി താമസിച്ചു വരാറുള്ള ശീലവുമില്ലെന്ന് വീട്ടുകാർ പറയുന്നു. ഈ സ്ഥിതിയിൽ വാസുവിനെ കാണാതായത് സംബന്ധിച്ച് ഏറെ വിഷമത്തിലാണ് വീട്ടുകാർ. ഒപ്പം ഇദ്ദേഹം ഉടനെ തിരിച്ചെത്തണമേയെന്ന പ്രാർഥനയും.