ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ചെമ്പില്‍ മുകുന്ദന്റെയും ഗീതയുടെയും മകന് വിഷ്ണു (31)വിനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നു കാണിച്ച് അമ്മ ഗീത നോര്‍ക്ക ഓഫീസിലും, മുഖ്യമന്ത്രിക്കും മന്ത്രി ആര്. ബിന്ദുവിനും പരാതിനല്‍കി.
ഇരിങ്ങാലക്കുട സ്വദേശിയും മകന്റെ സുഹൃത്തുമായ ഷാരൂഖ് വഴിയാണ് വിഷ്ണു അര്മേനിയയിലെത്തിയതെന്നും ആറു ലക്ഷത്തോളം രൂപയാണ് ഷാരൂഖ് വിസയ്ക്കായി ആവശ്യപ്പെട്ടതെന്നും അമ്മ ഗീത പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 19 നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു.
പിന്നീട് ഈ ഹോസ്റ്റലിന്റെ നടത്തിപ്പ് വിഷ്ണുവിന്റെ പേരിലാക്കിയുള്ള സമ്മതപത്രത്തില്‍ ഒപ്പിടിച്ച് കൂടെയുള്ളവര്‍ സ്ഥലംവിട്ടതായും പരാതിയില്‍ പറയുന്നു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ദിയാക്കുകയായിരുന്നുവെന്നു പറയുന്നു. നാട്ടില്‍നിന്നു കുടുംബം ഒന്നരലക്ഷം രൂപ അയച്ചുകൊടുത്തെങ്കിലും ഇനിയും മൂന്നു ലക്ഷം രൂപകൂടി ഇവര്‍ ആവശ്യപ്പെട്ടുവെന്നും വിഷ്ണുവിന്റെ അമ്മ ഗീതാ മുകുന്ദന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.