ചീമേനി: കപ്പലിൽ നിന്ന് കാണാതായ കയ്യൂര്‍ സ്വദേശി യുവാവിനായി തിരച്ചിൽ തുടരുന്നു. അരയാല്‍ കടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും മകനാണ് കാണാതായ പി.വിഷ്ണു (28).
കഴിഞ്ഞ മാസം 23ന് കുവൈറ്റില്‍ നിന്ന് സൂയസ് കനാല്‍ വഴി ഉക്രൈനിലെ പാവ്ഡെന്നി എന്ന തുറമുഖത്തേക്കുള്ള യാത്രാ മധ്യേ കരിങ്കടലില്‍ വെച്ചാണ് 28ന് രാവിലെ വിഷ്ണുവിനെ കാണാതായെതെന്നാണ് വീട്ടുകാരെ ഫോണിലൂടെ കപ്പലധികൃതർ അറിയിച്ചത്.
മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ‘ജഗ് അജയ് ‘ എന്ന ബള്‍ക്ക് കരിയര്‍ കപ്പലില്‍ ജോലിക്ക് ഹാജരാവാന്‍ കഴിഞ്ഞ 14 നാണ് വിഷ്ണു കണ്ണൂരില്‍ നിന്ന് ഫ്ളൈറ്റില്‍ മുംബൈക്ക് പോകുന്നത്.
മുംബൈയില്‍ കോവിഡ് ടെസ്റ്റും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഈജിപ്തില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. കാറ്ററിംഗ് വിഭാഗത്തില്‍ കുക്കായി അഞ്ചു ദിവസം മാത്രം ജോലി ചെയ്ത വിഷ്ണു 28ന് കപ്പലില്‍ നിന്ന് കാണാതായെന്ന വിവരമാണ് കയ്യൂരിലെ വീട്ടുകാര്‍ക്ക് ലഭിച്ചത്.
കപ്പലിലും കപ്പല്‍ യാത്ര പിന്നിട്ട വഴിയിലൂടെയും തിരച്ചില്‍ തുടരുന്നുവെന്നാണ് വിവരം. കാണാതായ വിഷ്ണുവിനെ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. ഇന്നലെ വിഷ്ണുവിന്റെ കയ്യൂരിലെ വീട്ടിലെത്തിയാണ് വീട്ടുകാരെ എംപി വിവരം അറിയിച്ചത്.