തലയോലപ്പറന്പ്: ഭർത്താവിന്റെ മൊബൈൽ ചാറ്റിംഗ് ഇഷ്ടപ്പെടാത്ത ഭാര്യ കുഞ്ഞിനെയും എടുത്ത് വീടു വിട്ടത് എവിടേക്ക്്? തലയോലപ്പറന്പ് പൊട്ടൻചിറയിൽ നിന്നു കാണാതായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടും ഒരു തുന്പും ഇതുവരെ കിട്ടിയിട്ടില്ല.
മറവൻതുരുത്ത് സ്വദേശിനിയായ 28 കാരിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും യുവതിയുടെ തലയോലപ്പറന്പ് പൊട്ടൻ ചിറയിലെ ഭർതൃവീട്ടിൽനിന്ന് ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകുന്നേരം പൊട്ടൻചിറയിലും സമീപത്തും പോലീസ് ഡോഗ് സ്ക്വാഡുമായി പരിശോധന നടത്തി. യുവതിയും കുഞ്ഞും എത്താനിടയുള്ള സ്ഥലങ്ങളിലൊക്കെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.
ഇന്നലെ പുലർച്ചെ മൂന്നിനും ആറിനുമിടയിൽ വീട്ടിൽ നിന്നു കുഞ്ഞുമായി ഇറങ്ങിപ്പോയ യുവതിയെ ബസിലോ മറ്റ് വാഹനങ്ങളിലോ കയറിപ്പോയതായി ആരും കണ്ടിട്ടില്ല. വിദേശത്ത് നഴ്സായിരുന്ന യുവതിയുടെ ഭർത്താവ് തൃശൂർ എ ആർ ക്യാന്പിലെ പോലിസുകാരനാണ്.
ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ആഭരണങ്ങളും ഫോണും വീട്ടിൽ ഉപേക്ഷിച്ചു കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു. യുവതിയും കുഞ്ഞും പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ആറിനു പോലീസും ഡോഗ് സ്ക്വാഡും പൊട്ടൻചിറയിലെ പുഴയോരവും ബസ്സ്റ്റോപ്പ് പരിസരവുമൊക്കെ പരിശോധിച്ചിരുന്നു.