തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒൻപതുകാരനായ മകനെ ഇരുത്തി പുറത്തിറങ്ങിയ വീട്ടമ്മ തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടിയെ ഇരുത്തിയിരുന്ന ബസ് പുറപ്പെട്ടതാണ് അമ്മയെ പരിഭ്രാന്തിയിലാഴ്ത്തിയത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇന്നലെ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഏറ്റുമാനൂരിൽ ബന്ധുവീട്ടിലേക്കു പോകുന്നതിനായാണ് കലൂർ സ്വദേശിനിയായ വീട്ടമ്മ രണ്ടു മക്കളുമായി ഇന്നലെ രാജാക്കാട് -കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയത്.
ബസ് പുറപ്പെടുന്നതിനു മുൻപ് ഇളയ മകൾക്ക് വെള്ളം വാങ്ങിക്കൊടുക്കുന്നതിനായി മകനെ ബസിൽ ഇരുത്തിയതിനു ശേഷം ഇവർ പുറത്തിറങ്ങി. തിരികെയെത്തിയപ്പോഴാണ് ബസ് പുറപ്പെട്ടതായി കണ്ടത്. ഇതോടെ ഭയന്ന വീട്ടമ്മ ഓട്ടോ വിളിച്ച് ബസിനു പിന്നാലെ പാഞ്ഞെങ്കിലും പത്തു കിലോമീറ്ററോളം പിന്നിട്ട് കരിങ്കുന്നത്തെത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. ഇതോടെ കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കരിങ്കുന്നം പോലീസ് പാലാ സ്റ്റേഷനിലും തൊടുപുഴ ട്രാഫിക് പോലീസിലും സന്ദേശം കൈമാറി. ഇതിനിടെ ബസ് പുറപ്പെടുന്നതിനു മുൻപ് കുട്ടി തനിച്ച് ബസിൽ ഇരിക്കുന്നതു കണ്ട് ബസ് ജീവനക്കാർ തിരക്കിയപ്പോൾ അമ്മ പുറത്തേക്കു പോയതാണെന്നു മറുപടി നൽകി. ഇതേ തുടർന്ന് കുട്ടിയെ ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഏൽപ്പിച്ചിട്ടാണ് ബസ് പുറപ്പെട്ടത്.
എന്നാൽ ഇതറിയാതെയാണ് മാതാവ് ബസിനു പിന്നാലെ പോയത്. എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന എഎസ്ഐ രാജു കുട്ടി ഇവിടെയുണ്ടെന്ന വിവരം ട്രാഫിക് എസ്ഐ പി.കെ.വേണുഗോപാലൻ നായരെ അറിയിച്ചിരുന്നു. അദ്ദേഹം വിവരം കരിങ്കുന്നം പോലീസ് സ്റ്റേഷനിലേക്കു കൈമാറിയതോടെയാണ് ഇവിടെ ആശങ്കയോടെ കാത്തു നിന്നിരുന്ന മാതാവിനു സമാധാനമായത്. ഇതിനിടെ വിവരമറിഞ്ഞ് കുട്ടിയുടെ പിതാവും തൊടുപുഴയിൽ എത്തിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിയ മാതാപിതാക്കൾ ട്രാഫിക് എസ്ഐയുടെ സാന്നിധ്യത്തിൽ കുട്ടിയെ ഏറ്റു വാങ്ങി.