ബദിയഡുക്ക: അച്ഛൻ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതിൽ പ്രകോപിതനായി നാടുവിട്ട വിദ്യാർഥിയെ കോഴിക്കോട്ട് കണ്ടെത്തി. കുമ്പഡാജെ അന്നടുക്കയിലെ കുഞ്ഞാലിയുടെ മകന് മുനവിറി(20) നെയാണ് കോഴിക്കോട് പോലീസ് കണ്ടെത്തിയത്.
സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞദിവസം രാവിലെ നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് അച്ഛനുമായി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് കുഞ്ഞാലി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു.
ക്ഷുഭിതനായ മുനവിര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. രാത്രി എട്ടുമണിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബദിയഡുക്ക പോലീസില്‍ പരാതി നല്കി. ഇതിനിടയില്‍ മുനവിര്‍ ഒരു ഫോണില്‍ നിന്ന് ആലംപാടിയിലെ സുഹൃത്തിനെ വിളിച്ചു കൈയിലെ പണം തീര്‍ന്നകാര്യം അറിയിച്ചു.
പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കടല വില്‍പ്പന നടത്തുന്ന ആളുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. തുടർന്ന് കോഴിക്കോട് പോലീസ് മുനവിറിനെ കണ്ടെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബദിയഡുക്കയിലെത്തിക്കുകയായിരുന്നു.