കാണാതായ വളർത്തു നായയെ കണ്ടെത്തുവാനായി വിമാനം വാടകയ്ക്കെടുത്ത് തെരച്ചിൽ നടത്തി യുവതി. സാൻഫ്രാൻസിസ്കോ സ്വദേശിനിയായ എമിലി തലെർമോ എന്ന യുവതിയാണ് ആരും ചെയ്യാത്ത പ്രവൃത്തിയിലൂടെ വാർത്തകളിലിടം നേടുന്നത്. ഇവരുടെ ഓസ്ട്രേലിയൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ജാക്സണ് എന്നു പേരുള്ള നായയെയാണ് കാണാതായത്.
നായയെ കണ്ടെത്തുന്നതിനായി ഇവർ വിമാനം പോലും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. 1200 ഡോളറാണ് ഇതിന്റെ വാടക. നായയുടെ ചിത്രവും വിവരങ്ങളുമുള്ള ബാനറുമായി ഇവർ രണ്ടര മണിക്കൂർ വിമാനത്തിൽ പറന്നു. കൂടാതെ നായയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 7000 ഡോളർ പാരിതോഷികം നൽകുമെന്നും എമിലി പറയുന്നു.
നായയുമായി ഷോപ്പിംഗിന് പോയപ്പോൾ കടയ്ക്ക് പുറത്ത് വച്ചാണ് നായയെ കാണാതാകുന്നത്. അഞ്ച് വയസുള്ള നായയെ ആരെങ്കിലും മോഷ്ടിച്ചതാകാമെന്നാണ് എമിലിയുടെ വാദം. നായയ്ക്ക് വേണ്ടി എമിലി വെബ് സൈറ്റ് വരെ ആരംഭിച്ചിട്ടുണ്ട്. നായയെ കണ്ടെത്തുന്നതിനായി കൂട്ടുകാരും എമിലിയെ സഹായിക്കുന്നുണ്ട്.