മൂവാറ്റുപുഴ: ചാർട്ടേഡ് അക്കൗണ്ടന്റിനെ കുടുംബസമേതം കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തമിഴ്നാട്ടിലേയ്ക്ക്. മൂവാറ്റുപുഴ തൃക്കണ്ണാടിപ്പാറ അമ്മിണിക്കുട്ടന്റെ മകൻ ബിജു (45), ഭാര്യ സൂര്യ (40), മക്കളായ അജി, സുജി എന്നിവരെയാണ് കാണാതായത്.
കീച്ചേരിപ്പടി വണ്ടിപേട്ടയ്ക്ക് സമീപം ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനം നടത്തിവരികയായിരുന്ന ബിജുവിനെയും കുടുംബത്തെയും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായിരിക്കുന്നതെന്ന് കാണിച്ച് സഹോദരൻ ബിനുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ബിജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇവർ അന്പലങ്ങൾ സ്ഥിരമായി സന്ദർശിക്കുന്നവരായതിനാലാണ് അയൽവാസികൾ പെട്ടെന്ന് അന്വേഷിക്കാതിരുന്നത്. ബിജുവിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടും ഡിലിറ്റ് ചെയ്ത അവസ്ഥയാണ്. തമിഴ്നാട് സ്വദേശിനിയാണ് ബിജുവിന്റെ ഭാര്യ സൂര്യ.
ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിലെ നിരവധി വ്യാപാരികളുടെ കണക്കുകൾ നോക്കിയിരുന്ന ബിജുവിനെ കാണാതായതോടെ വ്യാപാര സ്ഥാപന ഉടമകളും ആശങ്കയിലാണ്.