തൊടുപുഴ: മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽനിന്നു ചൊവ്വാഴ്ച രാവിലെ കാണാതായ നാല് ആണ്കുട്ടികളെ ഇന്നലെ രാവിലെ നേര്യമംഗലത്തുനിന്നു കണ്ടെത്തി.
ഇവർ അടിമാലി ഭാഗത്തുള്ള വീടുകളിലേക്കു നടന്നു പോകുന്നതിനിടെ ഇതുവഴി പോയ യാത്രക്കാരൻ ഇവരെ തിരിച്ചറിഞ്ഞു തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
തൊടുപുഴയിൽനിന്ന് അറിയിച്ചതനുസരിച്ച് ഊന്നുകൽ പോലീസ് എത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു.
പിന്നീട് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഹോസ്റ്റലിൽ നിൽക്കാൻ താത്പര്യമില്ലാത്തതിനാൽ വീട്ടിലേക്കു പോകുകയായിരുന്നെന്നാണ് കുട്ടികൾ പോലീസിനോടു പറഞ്ഞത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ അവരുടെ മാതാപിതാക്കൾക്കൊപ്പം വിട്ടു. കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
പോലീസ് ഇവരുടെ ചിത്രങ്ങൾ സഹിതം സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥികൾ
തൊടുപുഴയിലും സമീപത്തുമുള്ള രണ്ടു സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
ദിവസവും രാവിലെ 8.30ന് വിദ്യാർഥികൾ ഹോസ്റ്റലിൽനിന്നു സ്കൂൾ ബസിലാണ് വിദ്യാലയങ്ങളിലേക്കു പോകുന്നത്. ബസിൽ കയറാൻ എത്താതിരുന്നതോടെയാണ് ഹോസ്റ്റൽ അധികൃതർ പരിശോധന നടത്തിയത്.
തുടർന്നാണ് വിദ്യാർഥികൾ ഹോസ്റ്റലിൽ ഇല്ലെന്നു വ്യക്തമായത്. ഇതോടെ തൊടുപുഴ പോലീസിൽ പരാതി നൽകി.
ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായില്ല.
നടന്നത് 35 കിലോമീറ്റർ
ഇന്നലെ രാവിലെ എട്ടോടെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവർ ഹോസ്റ്റലിൽനിന്ന് 35 കിലോമീറ്ററോളം സഞ്ചരിച്ചു മൂവാറ്റുപുഴ, കോതമംഗലം വഴിയാണ് പ്രധാന റോഡിലൂടെ നേര്യമംഗലത്ത് എത്തിയത്.
നേര്യമംഗലത്തിനു സമീപം വില്ല്യാഞ്ചിറയിൽനിന്നാണ് കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ ഊന്നുകൽ എസ്ഐ കെ.ആർ. ശരത്ചന്ദ്രകുമാർ സ്വന്തം കാറിൽ സ്ഥലത്തെത്തി കുട്ടികളെ കണ്ടെത്തി.
എസ്ഐ യൂണിഫോമിലല്ലാത്തതിനാൽ കുട്ടികൾ സാധാരണ പോലെ സംസാരിച്ചു. ചേച്ചിയുടെ വീട്ടിലേക്കു പോവുകയാണെന്നാണ് ഇവർ എസ്ഐയോടു പറഞ്ഞത്.
പിന്നീട് കുട്ടികളെ കാറിൽ കയറ്റി എസ്ഐ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് തൊടുപുഴ പോലീസിനു കൈമാറി.
വീട്ടിൽ പോകണം
കുട്ടികളിലൊരാളുടെ പ്രേരണയാലാണ് മറ്റുള്ളവരും ഹോസ്റ്റലിൽനിന്നു രക്ഷപ്പെടാൻ കാരണമെന്ന് ഇവർ പോലീസിനോടു പറഞ്ഞു.
ഹോസ്റ്റലിലെ നിയന്ത്രണങ്ങൾമൂലം വീടുകളിലേക്കു തിരികെ പോവുകയായിരുന്നു ലക്ഷ്യം. ഇതിനായി രാവിലെ എട്ടിനു പ്രഭാതഭക്ഷണം കഴിച്ച ശേഷം ഹോസ്റ്റലിന്റെ മതിൽ ചാടി നേര്യമംഗലം ലക്ഷ്യമാക്കി നടന്നു.
നേര്യമംഗലത്തെത്തിയ ശേഷം കാട്ടിലൂടെ കൂട്ടത്തിലൊരാളുടെ വീടു സ്ഥിതിചെയ്യുന്ന തേവർക്കുടിയിലേക്കു പോകാനായിരുന്നു പദ്ധതി.
കൈയിലുണ്ടായിരുന്ന പണമുപയോഗിച്ചു ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി കഴിച്ചു. രാത്രിയോടെ ഊന്നുകല്ലിലെത്തി. ഇവിടത്തെ പള്ളിയുടെ ഗ്രൗണ്ടിൽ കിടന്നുറങ്ങിയതിനുശേഷം രാവിലെ യാത്ര തുടരുകയായിരുന്നു.
അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള 73 കുട്ടികളാണ് ഹോസ്റ്റലിൽ കഴിയുന്നത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽനിന്നുള്ള പട്ടികവർഗ വിഭാഗ വിദ്യാർഥികളാണ് ഭൂരിഭാഗവും.