ഇടുക്കി: ചിന്നക്കനാല്‍, ഉടുമ്പന്‍ചോല മേഖലകളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ കുടുക്കാനുള്ള ദൗത്യസംഘത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികളില്‍ സംഘത്തെ സഹായിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും എത്തി. വയനാട് മുത്തങ്ങ ആനപ്പന്തിയില്‍നിന്നുള്ള സൂര്യനാണ് ചിന്നക്കനാല്‍ സിമന്റ് പാലത്ത് ഇന്നു രാവിലെയോടെ എത്തിയത്.
ഇതിനു മുമ്പും പല ദൗത്യത്തിലും സൂര്യന് പങ്കെടുത്തിട്ടുണ്ട്. 29കാരനായ സൂര്യന് വയനാട്ടിലെ പിഎം-2വിനെ പിടികൂടുന്നതില്‍ കോന്നി സുരേന്ദ്രനൊപ്പം ശക്തമായിനിന്ന ആനയാണ്.
ആദ്യമെത്തിയ കുങ്കിയാന വിക്രം ചിന്നക്കനാലിലെ കാലാവസ്ഥയുമായി ഇണങ്ങിക്കഴിഞ്ഞു. സുരേന്ദ്രന്, കുഞ്ചു എന്നീ ആനകളും അടുത്ത ദിവസങ്ങളില്‍ ചിന്നക്കനാലില്‍ എത്തും.
വനം വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലു കുങ്കിയാനകളെ ഉള്‍പ്പെടുത്തി ഒരു മിഷന് നടപ്പാക്കുന്നത്. അരിക്കൊമ്പനെന്ന കാട്ടാന ശക്തനും ബുദ്ധിമാനുമാണെന്നതും ഇടുക്കിയിലെ വ്യത്യസ്ത ഭൂപ്രകൃതിയും മനസിലാക്കിയാണ് ദൗത്യസംഘം ശ്രമകരമായ ജോലി നടപ്പാക്കാനൊരുങ്ങുന്നത്.
അരിക്കൊമ്പന്റെ വിഹാരകേന്ദ്രങ്ങളില്‍ ഇവനെ എത്തിച്ചായിരിക്കും ദൗത്യം പൂര്‍ത്തിയാക്കുക.ശനിയാഴ്ച ആനയെ മയക്കുവെടി വയ്ക്കാനാണു പദ്ധതി.
ശനിയും ഞായറും പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തും. ഇതിനു മുന്നോടിയായി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇന്നു പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
301 കോളനി പ്രദേശത്ത് അരിക്കൊമ്പന് എത്തിയിട്ടില്ല. ശങ്കരപാണ്ഡിമെട്ടിനു സമീപമുള്ള പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. മൂന്നു പിടിയാനകളും രണ്ടു കുട്ടിയാനകളും ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് ആനയുള്ളത്.
ആനക്കൂട്ടത്തില്‍നിന്ന് അരിക്കൊമ്പനെ അകറ്റി ദേശീയപാതയും ആനയിറങ്കല്‍ ഡാമും കടന്ന് 301 കോളനി ഭാഗത്തെത്തിക്കണം. വളരെ ശ്രമകരമായ ജോലിയാണ് രണ്ട് ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ടത്.
വാച്ചര്‍മാരുടെ വലിയ സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. 2017-ല്‍ മൂന്നു മയക്കുവെടി വച്ചെങ്കിലും മയങ്ങിയില്ല 35കാരനായ അരിക്കൊമ്പന്.
എപ്പോഴും ജനവാസ മേഖലകളിലൂടെ നടക്കുന്ന അരിക്കൊമ്പനെ താത്ക്കാലികമായി ഒരുക്കുന്ന റേഷന്‍ കടയില്‍ അരിവച്ചു കെണിയൊരുക്കി പിടികൂടുകയാണു ദൗത്യസംഘത്തിന്റെ ലക്ഷ്യം.