കൊച്ചി: വൈറ്റില ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര് മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ആഡംബര കാറിന്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു.
എറണാകുളം സ്വദേശി സൈജുവിനെയാണ് പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
സംഭവദിവസം രാത്രി മരണത്തിനിരയായവരുടെ വാഹനവുമായി മത്സരയോട്ടം നടത്തിയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ഇയാളോട് ചോദിച്ചറിഞ്ഞു.
അപകടത്തിനിരയായവര്‍ മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് പറയാനാണ് പിന്നാലെ ചെന്നതെന്നാണ് കാറിലുണ്ടായവര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നത്.
ഈ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇയാളെ ചോദ്യം ചെയ്തത്. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന കാര്യം കാര്‍ ഉടമ സമ്മതിച്ചിരുന്നു.
അപകടത്തിനുശേഷം ഇയാള്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ വിളിച്ചതായും മൊഴി നല്‍കിയിരുന്നു. വാഹനം പിന്തുടര്‍ന്നതിന് മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
ഇരുകൂട്ടരും പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് പ്രശ്നങ്ങളെന്തെങ്കിലും നടന്നിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടതിനാൽ തെളിവുകൾ ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.