കൊച്ചി: മുന്‍ മിസ് കേരള ജേതാക്കൾ ഉൾപ്പെടെ മൂന്നു പേര് കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന കാക്കനാട് സ്വദേശി സൈജു എം. തങ്കച്ചനെ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കുമെന്ന് അന്വേഷണ സംഘം.
ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിതവേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്. സൈജുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതേസമയം അപകടത്തിന് ഇരയായ കാറിനെ പിന്തുടര്‍ന്നുവെന്ന അബ്ദുള്‍ റഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സൈജു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു.
സൈജുവിനെ ഇതുവരെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയുണ്ടായി.
അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ നോട്ടീസ് നല്കിയെ വിളിപ്പിക്കുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തെരച്ചില്‍
കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായി നേവി, കോസ്റ്റ് ഗാര്‍ഡ് , കോസ്റ്റല്‍ പോലീസ് എന്നിവരുടെ സഹായത്തോടെ ഇന്നലെയും കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇടക്കൊച്ചി കായലിലാണ് തെരച്ചില്‍ നടത്തിയത്. അപകടത്തിനുശേഷം ഹോട്ടലില്‍ നിന്ന് കാണാതായ ഹാര്‍ഡ് ഡിസ്ക് ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരം കായലില്‍ തള്ളിയതായി ജീവനക്കാരന് പോലീസിനു മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെ സ്കൂബ സംഘം കായലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡ്, നേവി, കോസ്റ്റല്‍ പോലീസ് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയത്. അതേസമയം ഹാര്‍ഡ് ഡിസ്ക് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയതായി പറയുന്നു.
ഫയര്‍ഫോഴ്സ് തെരച്ചിലിനിറങ്ങിയ തിങ്കളാഴ്ചയാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുരുങ്ങിയത്.
എന്നാല്‍ വല കീറാന്‍ സാധ്യതയുണ്ടെന്ന് കണ്ട് മത്സ്യത്തൊഴിലാളി ഇത് കായലിലേക്ക് തന്നെ എറിഞ്ഞുവെന്നാണ് പറയുന്നത്.
ഇയാളെയും ചേര്‍ത്താണ് ഇന്ന് വീണ്ടും തെരച്ചില്‍ നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ?
ഹാര്‍ഡ് ഡിസ്ക് കണ്ടെത്തിയാല്‍ തന്നെ ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോയെന്ന് സംശയമുണ്ട്.
ഹാര്‍ഡ് ഡിസ്കിനകത്ത് വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാന്തിക ടേപ്പില്‍ വെള്ളം കയറിയാല്‍ വിവരങ്ങള്‍ ല്ഭ്യമാകാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദര്‍ പറയുന്നു.
ഇന്നോവ കാര്‍ കസ്റ്റഡിയില്‍
ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന അന്നു പുലര്‍ച്ചെയാണ് ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ചത്.
മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്വിന് എന്നിവരാണ് ഈ കാര്‍ ഉപയോഗിച്ചത്.
നമ്പര്‍18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറാണിത്. കാര്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്.
ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും
കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താത്ത സാഹചര്യത്തില്‍ ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് അറിയുന്നത്.