കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വർധിക്കുന്നു.
മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇവർ ചെലവഴിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാർഡ് ഡെസ്ക് ഹോട്ടലുടമയുടെ ഡ്രൈവറുടെ കൈയിലെന്നു സൂചന.
ഇതുസംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സിസിടിവി ഹാര്‍ഡ് ഡിസ്ക് കടത്തിയത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ്.
ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഹോട്ടലിനെ ബാധിക്കുന്ന എന്തൊക്കെയോ ദൃശ്യങ്ങൾ സിസിടിവി ഹാർഡ് ഡിസ്കിൽ ഉണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്.
നിർണായക വിവരങ്ങൾ
അതേസമയം ഹാര്‍ഡ് ഡിസ്ക് ഹാജരാക്കാന്‍ ഹോട്ടലുടമയ്ക്കു പോലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇന്നുരാവിലെ വരെയും ഇതു ഹാജരാക്കിയിട്ടില്ല.
ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ് സംഘം.
ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള ഇയാളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പോലീസ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുത്തതായും അറിയുന്നു. ഹോട്ടല്‍ ജീവനക്കാരില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് സൂചന.
ചൊവ്വാഴ്ചയാണ് മെട്രോ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആറും ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തത്.
എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്ക് മാറ്റിയതായി കണ്ടെത്തി.
പാസ് വേഡ്
കംപ്യൂട്ടറിന്റെ പാസ്വേഡ് അറിയില്ലെന്ന ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെ തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തത്.
പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഈ ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
ദുരൂഹതയുടെ ക്ലബ് 18
അതേസമയം ഹാര്‍ഡ് ഡിസ്കില്‍ അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
ഫോര്‍ട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്പര്‍ 18 ലെ മുകള്‍ നിലയിലുള്ള ക്ലബ് 18 നൈറ്റ് ക്ലബിലായിരുന്നു ആഘോഷം നടന്നത്.
താഴത്തെ നിലയിലെ ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ഹാര്‍ഡ് ഡിസ്കും ടിവിആറുമാണ് ചൊവ്വാഴ്ച പോലീസ് പിടിച്ചെടുത്തത്.
ഇവിടെ യുവതീയുവാക്കള്‍ മദ്യപിച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന. അതേസമയം, ഡാന്‍സ് ഫ്ളോറിലെ ഹാര്‍ഡ് ഡിസ്ക് മാത്രം മാറ്റിയതിലാണ് ദുരൂഹത കൂട്ടുന്നത്.
അപകടം ഇങ്ങനെ
കേരളപ്പിറവി ദിനത്തില്‍ പുലര്‍ച്ചെ ഒന്നിന് ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം.
മുന്‍ മിസ് കേരള ആന്‍സി കബീറും (25), മിസ് കേരള റണ്ണര്‍ അപ്പ് ഡോ. അഞ്ജന ഷാജനും (24), ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖു (25) മാണ് അപകടത്തില്‍ മരിച്ചത്.
ഒക്ടോബര്‍ 31-ന് രാത്രി നമ്പര്‍ 18 എന്ന ഹോട്ടലില്‍നിന്നു ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട കാര്‍ 120 കിലോ മീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാലാരിവട്ടം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് നാല് ബിയര്‍ കുപ്പികളും കണ്ടെടുത്തിരുന്നു.
– സീമ മോഹൻലാൽ