ഹൂസ്റ്റണിന്‍റെ മനം കവർന്ന് മിസ് മലയാളി യുഎസ്എ സൗന്ദര്യ മത്സരം

ഹൂസ്റ്റൺ: സൗന്ദര്യത്തിന് മലയാളത്തികവ് നൽകിയ മനം കവർന്ന മിസ് മലയാളി യുഎസ്എ 2018 നും ചരിത്രവിജയമായി മാറിയ “ദേശി സൂപ്പർസ്റ്റാർ 2019 നും ശേഷം അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കിയ “മിസ് മലയാളി യുഎസ്എ 2019′ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണവിസ്മയമായി മാറി.

ഒക്ടോബർ 26 നു സ്റ്റാഫോർഡിലെ സെന്‍റ് ജോസഫ് ഹാളിലായിരുന്നു മൽസരം. വനിതകൾക്ക് മാത്രമല്ല അമേരിക്കയിൽ ആദ്യമായി പുരുഷന്മാർക്കു വേണ്ടി ‘മിസ്റ്റർ മലയാളി യുഎസ്എ 2019’ മൽസരവും നടത്തി ലക്ഷമി പീറ്റർ മലയാളി സൗന്ദര്യാസ്വാദക മനസുകളിൽ ഇടം നേടി.

കേരളത്തനിമയും സംസ്കാരവും സമന്വയിപ്പിച്ചു ചെണ്ടമേളത്തിന്‍റേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രശസ്ത സിനിമാ താരം മന്യ നായിഡു വേദിയിലേക്ക് പ്രവേശിച്ചപ്പോൾ സദസിൽ നിന്നു നിറഞ്ഞ കരഘോഷം മുഴങ്ങി.

മൂന്നു വ്യത്യസ്ത വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ “മിസ് ടീൻ മലയാളീ യുഎസ്എ” വിഭാഗത്തിൽ അലീഷാ സാൽബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. അലീനായും ഗീതു സുരേഷും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

“മിസസ് മലയാളി യുഎസ്എ” വിഭാഗത്തിൽ സ്വാതി ശങ്കർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്വാതി അനന്തരാമനും ജുവി ജോണും രണ്ടും മൂന്നും സ്ഥാനത്തെത്തി.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ “മിസ്റ്റർ മലയാളി 2019” കിരീടത്തിനു വേണ്ടി ശക്തമായ മത്സരമാണ് നടന്നത്. ട്വിസ്റ്റ് റൗണ്ടിൽ വ്യത്യസ്ത വസ്ത്രധാരണ ശൈലിയിൽ കൂടി കേരളത്തിലെ കേരള ഉത്സവം പ്രദർശിപ്പിച്ചു കൈയടി നേടിയ സുബിൻ ബാലകൃഷ്ണൻ വിജയ കിരീടം അണിഞ്ഞു.

നല്ലൊരു ഗായകൻ കൂടിയായ റോജർ നെല്ലിമറ്റം രണ്ടാം സ്ഥാനം നേടിയപ്പോൾ രെമാ ശങ്കർ നായർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അവസാന റൗണ്ടിൽ കേരളത്തിലെ പ്രളയദുരന്തത്തിൽ പെട്ടവരെ സഹായിക്കുവാൻ എത്തിയ രക്ഷാനായകന്മാരായ മൽസ്യത്തൊഴിലാളികളുടെ വസ്ത്രശൈലിയിൽ എത്തിയ രമാശങ്കർ നായർ സദസിന്‍റെ കണ്ണുകളെ ഈറനണിയിച്ചു.

4 മണിക്കൂർ നീണ്ടു നിന്ന വർണവിസ്മയം തീർത്ത പരിപാടികളിലുടനീളം കരഘോഷങ്ങളുയർന്നു പ്രമുഖ പിന്നണി ഗായകൻ വില്യം ഐസക് കാണികളോടൊപ്പം അടിപൊളി പാട്ടുകളുമായി അരങ്ങു കൈയിലെടുത്തു. നല്ലൊരു ഗായിക കൂടിയായ ലക്ഷ്മി പീറ്ററും കർണാനന്ദകാരമായ ഗാനങ്ങൾ പാടി. ഖുഷ്ബൂ ഡാൻസ്ഗ്രൂപ്പ്, നൂപുര സ്കൂൾ ഓഫ് ആർട്സ്, ശ്യാം ആൻഡ് ടീം എന്നിവർ വിവിധ നൃത്തപരിപാടികൾക്ക് നേതൃത്വം നൽകി.

വൻ വിജയമായി തീർന്ന സൗന്ദര്യ ഉത്സവത്തിന്റെ സ്റ്റൈലിസ്റ്റായി സിൽവി വർഗീസും പേഴ്സണാലിറ്റി കോച്ചായി ഷീബ ജേക്കബും പ്രവർത്തിച്ചു. റാമ്പ് കോച്ച് ഡോ. അബ്ദുള്ളയായിരുന്നു.

സൗന്ദര്യ ഉത്സവത്തിന്‍റെ വിധി കർത്താക്കളായി എത്തിയത് സിനിമ നടി മന്യ നായിഡു, ഡിജെ ധോലി ദീപ്, റോഷ് രാജൻ, ഡോ. അബ്ദുള്ള കുദ്രത്, എ.സി. ജോർജ്, ഹിന്ന അക്തർ, അഭിയ ഒലീവിയ, രജി ജോസെഫ്, ഡോ.നിഷ സുന്ദരഗോപാൽ എന്നിവരാണ്.

ലെക്സിയ ജേക്കബ്, റെയ്ന റോക്ക്, ഹീരാ രമാശങ്കർ, ലക്ഷ്മി ഹരിദാസ്, റെസ്‌മി സുരേന്ദ്രൻ, ജൂലിയറ്റ് ജോർജ് എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. പരിപാടിയുടെ ഡയറക്ടർ ലക്ഷ്മി പീറ്റർ അറിയിച്ചു.

റിപ്പോർട്ടർ : ജീമോൻ റാന്നി

Related posts