കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ അപകടമരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. സംഭവത്തില്‍ യാതൊരുവിധ ദുരൂഹതകളും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം വെളിപ്പെടുത്തിയത്.
എന്നാല്‍ ഇന്നലെ ഹോട്ടലുടമ റോയ് ജോസഫ് വയലാട്ടിന്റെ അറസ്റ്റോടെയാണ് ദുരൂഹതകളേറുന്നത്.
സംഭവസമയം ഹോട്ടലിൽ ഒരു യുവസിനിമതാരം ഉണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പോലീസിത് നിഷേധിക്കുന്നു.
ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്.
ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല.
ദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം ഉപേക്ഷിച്ചുവെന്ന റോയിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റോയിയുടെ നിര്‍ദേശപ്രകാരമാണ് ഹാര്‍ഡ് ഡിസ്ക് മാറ്റിയതെന്ന് നേരത്തെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.
അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു, സംഭവസമയം റോയിയെ വിളിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. റോയിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇയാള്‍ കാറിനെ പിന്തുടര്‍ന്നതെന്നും തെളിഞ്ഞു.
തെളിയിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍
എന്തുകൊണ്ടാകാം റോയി സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്ന ചോദ്യത്തിന് അന്വേഷണ സംഘം ഇപ്പോള്‍ ഉത്തരം തേടുകയാണ്.
ഡിജെ പാര്‍ട്ടി നടക്കുമ്പോള്‍ റോയി ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.
നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍ റോയിയും മരിച്ചവരും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നടന്ന ദൃശ്യങ്ങളടങ്ങിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
മരിച്ചവര്‍ അമിത വേഗതയില്‍ കാറോടിച്ചത് എന്തുകൊണ്ടാണെന്നും മറ്റൊരു കാര്‍ പിന്തുടര്ന്നത് എന്തിനെന്നും തെളിയേണ്ടതുണ്ട്.
സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിലടക്കം റോയ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
എന്തിനാണ് ഹാര്‍ഡ് ഡിസ്ക് മറച്ചുവയ്ക്കുന്നത്, ഇരുകൂട്ടരും തമ്മിലുണ്ടായ പ്രശ്നം എന്ത്, അന്ന് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവര്‍ ആരൊക്കെ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം തേടുകയാണ്.
സൈജു പിന്തുടര്ന്നത് എന്തിന് ?
യുവതികള്‍ സഞ്ചരിച്ച കാറിനെ റോയിയുടെ സുഹൃത്ത് സൈജു പിന്തുടര്ന്നിരുന്നു. വേഗത കുറച്ചു പോകാന്‍ ഇവരോടു പറഞ്ഞുവെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.
അതേസമയം പാലാരിവട്ടം ബൈപ്പാസില്‍ നടന്ന അപകടം റോയിയെ വിളിച്ച് അറിയിച്ചത് സൈജുവാണെന്നാണ് വിവരം ലഭിക്കുന്നത്.
സൈജു ഇടപ്പള്ളിവരെ പോയതിനുശേഷം സംഭവസ്ഥലത്ത് തിരിച്ചു വന്നതിലും ദുരൂഹതയുണ്ട്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഇന്നലെ അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ട്, ഹോട്ടല്‍ ജീവനക്കാരും ഐടി വിദഗ്ധരുമായ കെ.കെ. അനില്‍, വില്സന് റെയ്നോള്‍ഡ്, എം.ബി. മെല്വിന്, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം അറസ്റ്റിലായ ഹോട്ടലുടമ റോയിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ ഇപ്പോള്‍ ഐസിയുവിലാണ്. ഇയാളുടെ ആരോഗ്യനില എങ്ങനെയെന്നു നോക്കിയായിരിക്കും കോടതിയില്‍ ഹാജരാക്കുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പരാതിയുമായി അന്‍സിയുടെ കുടുംബം
മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്‍സിയുടെ ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിനിയാണ് അന്‍സി. ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ പറയുന്നു.
അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്ന്നത് എന്തിനാണെന്നറിയണം. റോയിയെ നേരത്തെ അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
അന്വേഷണം ശരിയായ രീതിയിലല്ലെന്ന്
മോഡലുകള്‍ മരിച്ച സംഭവത്തില്‍ ഇതുവരെയുള്ള അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
ഡിജെ പാര്‍ട്ടി നടന്ന ദിവസത്തെ സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
ഇതില്‍ ഹോട്ടലില്‍ വിഐപിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. മോഡലുകളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നു തന്നെയാണ് അന്വേഷണ സംഘം പറയുന്നത്.