കൊച്ചി: ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും മടങ്ങിയത് സന്തോഷത്തോടെ.
ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയതായാണ് സൂചന. എന്നാല്‍ ഇത് എവിടെനിന്ന് കിട്ടിയെന്നതു പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഹോട്ടലില്‍നിന്ന് അപകടം നടന്ന പാലാരിവട്ടം ഹോളിഡേ ഇന്നിനു മുന്നില്‍ വരെയുള്ള 19 കിലോ മീറ്ററിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലീസിനെ കുഴയ്ക്കുകയാണ്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്.
അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിതവേഗത്തില്‍ കടന്നു പോയത്. അതുകൊണ്ടുതന്നെ കുണ്ടന്നൂരില്‍വച്ച് നിര്‍ണായകമായ എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം.
മുങ്ങിത്തപ്പി കിട്ടിയില്ല
കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെ സ്കൂബ സംഘം കായലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല.
കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇടക്കൊച്ചി കായലിലാണ് തെരച്ചില്‍ നടത്തിയത്. അപകടത്തിനുശേഷം ഹോട്ടലില്‍നിന്ന് കാണാതായ ഹാര്‍ഡ് ഡിസ്ക് ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരം കായലില്‍ തള്ളിയതായി ജീവനക്കാരന് പോലീസിനു മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കായലില്‍ മൂന്ന് മുതല്‍ അഞ്ച് അടി വരെ ചെളി നിറഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തില്‍ തെരച്ചില്‍ ദുഷ്കരമാണെന്ന് സംഘം അറിയിച്ചു.
അതേസമയം നേവിയുടെ സഹായത്താല്‍ സോണാര്‍ സ്കാനര്‍ ഉപയോഗിച്ച് കായലിന്റെ അടിത്തട്ട് പരിശോധിക്കുമെന്നും സൂചനയുണ്ട്.
പ്രതികളായ വിഷ്ണു കുമാറിനെയും മെല്‍ബിനെയും സ്ഥലത്തെത്തിച്ചിരുന്നു. ഹാര്‍ഡ് ഡിസ്ക് കായലില്‍നിന്നു ലഭിച്ചാല്‍ അതിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണു പ്രതീക്ഷ.
എന്നാല്‍ വെള്ളത്തില്‍ ഇത്രയധികം ദിവസം കിടന്നത് ഒരുപരിധി വരെ വെല്ലുവിളിയായേക്കുമെന്ന് റിട്രീവിംഗ് വിദഗ്ധര്‍ പറയുന്നു.
ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്തേക്കും
കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക് കണ്ടെത്താത്ത സാഹചര്യത്തില്‍ ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
എന്നാല്‍ ഇയാളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നതു സംബന്ധിച്ച് പോലീസില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല.
അബ്ദുള്‍ റഹ്മാന്റെ മൊഴിയില്‍ വൈരുധ്യം
അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുള്‍ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു.
ഇയാളുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നാണ് സൂചന. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയുമായി ഇത് താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതല്‍ പരിശോധിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഇതിനുശേഷം റഹ്മാനെ വീണ്ടും ചോദ്യം ചെയ്തേക്കും.
കാറിന്റെ ഫോറന്‍സിക് പരിശോധന നടത്തി
അപകടത്തില്‍ പെട്ട കാറിന്റെ ഫോറന്‍സിക് പരിശോധന അപകടം നടന്ന ദിവസങ്ങള്‍ക്കകം അന്വേഷണ സംഘം നടത്തിയിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല.