മാവേലിക്കര: മകൻ ഉപേക്ഷിച്ച അമ്മയെ ഒന്നര വർഷത്തിനു ശേഷം അനാഥ മന്ദിരത്തിൽ കണ്ടെത്തി. മാവേലിക്കര തഴക്കര ഇറവങ്കരയിലാണ് സംഭവം. ഇറവങ്കര പണയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ (93) ക്കാണ് തന്റെ മകന്റെ ഭാഗത്തു നിന്നും ദുര്യോഗമുണ്ടായത്.
ഇവരുടെ മൂത്ത മകനാണ് ഇവരെ ഓച്ചിറ വവ്വാക്കാവിലുള്ള ശാന്തിഭവനിൽ ഉപേക്ഷിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഇയാൾ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ ഉപേക്ഷിച്ചത്് മറ്റു മക്കളുടെ അറിവോടെയായിരുന്നില്ല. കുടുംബ വീടിനടുത്ത് താമസിക്കുന്ന ഇളയ മകൻ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബുവാണ് മറ്റൊരാൾ വഴി അമ്മയെ ഉപേക്ഷിച്ച വിവരം അറിയുന്നത്.
പലസ്ഥലങ്ങളിലും വിനയൻ മാസങ്ങളോളം അമ്മയെ തേടിയലഞ്ഞെങ്കിലും നിരാശനായി. ഒന്നരമാസം മുന്പ് ശാന്തിഭവൻ സന്ദർശിച്ച സുഹൃത്ത് വഴിയാണ് ഭാർഗവിയമ്മ ഇവിടെയുണ്ടെന്ന് വിനയൻ അറിയുന്നത്. മാവേലിക്കര തഹസീൽദാർ എസ് സന്തോഷ്കുമാറിന് വിനയൻ നൽകി പരാതി, തഹസീൽദാർ ആർഡിഒക്ക് കൈമാറി. ഒന്നര മാസം നീണ്ട നടപടികൾക്കു ശേഷമാണ് വിനയനും ഭാര്യ ഷൈലജയും ചേർന്ന് അമ്മയെ വീട്ടിലെത്തിച്ചത്.
ചെങ്ങന്നൂർ ആർഡിഒ ജി ഉഷാകുമാരി, മാവേലിക്കര തഹസീൽദാർ എസ് സന്തോഷ്കുമാർ, ഭൂരേഖ തഹസീൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഗതിമന്ദിരത്തിൽ നിന്നു ഭാർഗവിയമ്മയെ വീട്ടിലെത്തിച്ചത്. മൂത്തമകന്റെ ഭാര്യ തന്നെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചിക്കുകയും ചെയ്തിട്ടുള്ളതായും മറ്റു പലയിടത്തും ഇതുപോലെ പാർപ്പിച്ചിട്ടുള്ളതായും ഭാർഗവിയമ്മ മൊഴി നൽകിടിട്ടുണ്ട്. തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ പറഞ്ഞു.