ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഉത്തരേന്ത്യയിലുടനീളം 30ഓളം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ട്രെയിനുകളും വൈകി. ഇന്നു രാവിലെ റൺവേ ദൃശ്യപരത പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.
കോൽക്കത്ത വിമാനത്താവളത്തിൽ 25 ഓളം സർവീസുകളെ ബാധിച്ചു. ചണ്ഡീഗഡ്, അമൃത്സർ, ജയ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതുക്കിയ വിമാനവിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
ഇന്നലെ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഉത്തരേന്ത്യയിലാകെ അതിശൈത്യവും അനുഭവപ്പെടുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഇന്നു പുലർച്ചെ 5.30ന് ഡൽഹിയിൽ 10.2 ഡിഗ്രി സെൽഷ്യസ് ആണു താപനില, ഇന്നലെ 9.6 ഡിഗ്രി സെൽഷ്യസായിരുന്നു.