തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദിച്ചെന്ന് ഉൾപ്പെടെ പി.വി. അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ മിസ്റ്റർ ക്ലീനെന്ന് വിജിലൻസ് അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള തുടർനടപടികളെക്കുറിച്ചുള്ള വിജിലൻസ് ഡയറക്ടറുടെ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.
മലപ്പുറം എസ്പിയുടെ ക്യാന്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ സംഭവം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപന, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്. ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അൻവർ തെളിവുകളോ രേഖകളോ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കവടിയാറിൽ നിർമിക്കുന്ന വീടിന് വേണ്ടി എസ്ബിഐയിൽനിന്നു 1.5 കോടി രൂപ ലോണെടുത്തിരുന്നുവെന്നും സർക്കാരിനെ വീട് നിർമാണം അറിയിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറവൻകോണത്തെ ഫ്ളാറ്റ് വിൽപനയിലും അസ്വാഭാവികത കണ്ടെത്താനായിട്ടില്ല. മലപ്പുറം മുൻ എസ്പി സുജിത്ത് ദാസിനൊപ്പം ചേർന്ന് സ്വർണക്കടത്ത് സംഘത്തിൽനിന്നു സ്വർണം തിരിമറി നടത്തിയെന്ന ആരോപണത്തിലും കഴന്പില്ലെന്നാണ് കണ്ടെത്തൽ.
ഏറ്റവും കൂടുതൽ സ്വർണക്കടത്ത് മലപ്പുറത്ത് പിടികൂടിയത് സുജിത്ത് ദാസ് എസ്പി ആയിരിക്കവെയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിജിലൻസ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എഡിജിപി അജിത്ത് കുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് നൽകിയ റിപ്പോർട്ടിൽ തുടർ നടപടികളെക്കുറിച്ചുള്ള കുറിപ്പോടെ അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിക്കും.
അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അജിത്ത് കുമാറിനെ ക്രമസമാധാനചുമതലയിൽനിന്നു മാറ്റിയിരുന്നു. നിലവിൽ അദ്ദേഹം ബറ്റാലിയൻ എഡിജിപിയായാണ് പ്രവർത്തിക്കുന്നത്. അജിത്ത് കുമാറിനെ ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള പാനലിൽ ഉൾപ്പെടുത്താൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് ഏബ്രഹാം ഡിജിപിയായി സ്ഥാനക്കയറ്റം നേടിയശേഷമായിരിക്കും അജിത്ത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുക.