മീഡിയ വൺ ചാനലിലെ ജനപ്രിയ ഹാസ്യ പരമ്പരയായിരുന്ന ‘M80 മൂസ’യിൽ തന്റെ മകളായി അഭിനയിച്ച അഞ്ജുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടൻ വിനോദ് കോവൂർ.
കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. M80 മൂസയിൽ മൂസക്കായി എന്ന പ്രധാന കഥാപാത്രത്തിന്റെ മകളായി ‘റസിയ’ എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിച്ചിരുന്നത്.
ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാണെന്നും കൂടുതൽ നേരവും ആകാശത്താണെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യമായി തന്റെയും സുരഭിയുടെയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം എയർ ഹോസ്റ്റസുമാരെ കണ്ടപ്പോഴാണ് അഞ്ജുവിന്റെ മനസ്സിൽ എയർ ഹോസ്റ്റസ് ആകണമെന്ന ആഗ്രഹം ഉദിച്ചതെന്നും ആ സ്വപ്നം അവർ പൂവണിയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആകാശത്ത് വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് മൂസക്കായിന്റെ പൊന്നുമോൾ റസിയയെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
വലിയ ഒരു ഇടവേളക്ക് ശേഷം M80 മൂസയിലെ എന്റെ മകൾ റസിയയായി അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി.
ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ. കൂടുതൽ നേരവും ആകാശത്താണ്. നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറിപ്പാറി നടക്കുന്നു.
M80 മൂസ പ്രോഗ്രാം നടന്നുകൊണ്ടിരിക്കുമ്പോൾ ആദ്യമായി എന്റെയും സുരഭിയുടെയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസുമാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു,
എയർ ഹോസ്റ്റസ് ആകണമെന്ന്. എന്നോടും സുരഭിയോടും ചോദിച്ചു, നടക്കുമോന്ന്. ധൈര്യമായ് മുന്നേറിക്കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു.
ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായ് അവൾ മാനത്തൂടെ പാറിപ്പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്.
എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ലട്ടോ. റസിയ നായികയായി വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നിൽക്കുകയാണ്.
ജനുവരിയിൽ റിലീസ് ഉണ്ട്. ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിങ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി.
യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു 14ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട്,
എന്നിട്ട് 17ന് തിരിച്ചും. ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു, തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന്.
ആകാശത്തിൽ വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ മൂസക്കായിന്റെ പൊന്നുമോൾ റസിയ.