കോഴിക്കോട്: മിഠായിത്തെരുവിലേക്ക് പ്രവേശിക്കുന്നത് തടസപ്പെടുത്തുന്ന രീതിയിലുള്ള പരിപാടികള്‍ക്ക് എസ്കെ സ്ക്വയര്‍ അനുവദിക്കാനാവില്ലെന്ന് കോര്പറേഷന് കൗണ്‍സില്‍ . ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ ഒരേ അഭിപ്രായം പ്രകടിപ്പിച്ചത്.
എസ്കെ സ്ക്വയറില്‍ വലിയ സ്റ്റേജുകള്‍ കെട്ടി പരിപാടികള്‍ നടത്തുമ്പോള്‍ മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് പരാതി ഉയരുന്നതായി ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടിനാരായണന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കോര്‍ട്ട് റോഡ്, താജ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതോടുകൂടി മിഠായിത്തെരുവിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും തടസപെടുന്ന രീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എസ്കെ സ്ക്വയറില്‍ നടക്കുന്ന പല പരിപാടികളും മിഠായിത്തെരുവിലെത്തുന്നവര്ക്ക് ശല്യമായി മാറുന്നുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു.
എത്തുന്ന പലര്‍ക്കും ഇതുകാരണം തെരുവിലേക്ക് പ്രവേശിക്കാനാവുന്നില്ല. വലിയ സ്റ്റേജ് ഒരുക്കുകയും കസേരകള്‍ കൊണ്ടുവന്നിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ചെറിയ കലാ പരിപാടികള്‍ക്ക് നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തി നടത്താമെന്നാണ് പറഞ്ഞത്.
അതിനപ്പുറത്തേക്ക് പ്രവേശനം ഉള്‍പ്പെടെ തടയുന്ന രീതിയിലുള്ള പരിപാടികള്‍ അംഗീകരിക്കാനാവില്ല. പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി, കളക്ടര്‍ , എംഎല്‍എ മാര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മേയര്‍ മറുപടി നല്കി.