തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും അടുത്തിരിക്കെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദമായ മിത്ത് വിവാദത്തിൽ കൂടുതൽ സംഘർഷം ഉണ്ടാവുന്ന സാഹചര്യങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിൽ സിപിഎം.
വിശ്വാസ സംരക്ഷണവുമായി എന്‍എസ്എസ് മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് ഒരു സമുദാസ സംഘടനയുമായി പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള ശ്രമം.
വിവാദം സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളോടു പ്രതികരിക്കാനും സ്പീക്കർ തയാറായില്ല. വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ഷംസീർ വ്യക്തമാക്കിയത്.
എന്നാൽ വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചാരണം സിപിഎം ശക്തമാക്കും.അതേസമയം, മറുവശത്ത് എന്‍എസ്എസിനെ പൂർണമായും പിന്തുണച്ച് സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് പോകാനാണ് കോൺഗ്രസ് നീക്കം.
നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കർ തിരുത്തണം എന്ന് കൂടുതൽ ശക്തമായി കോൺഗ്രസ് ആവശ്യപ്പെടും.
മിത്ത് വിവാദത്തിൽ സ്പീക്കർ തിരുത്തണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. എൻഎസ്എസിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സെ സുധാകരന് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.
ബിജെപി അവസരം മുതലാക്കുമെന്ന് കണ്ടാണ് മൗനം വെടിഞ്ഞ് കോൺഗ്രസ് സ്പീക്കറെ തള്ളിപ്പറഞ്ഞത്.അതേസമയം സമൂഹത്തിൽ വർഗീയതയും ഭിന്നിപ്പും ഉണ്ട ാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്പീക്കറുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങണമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുകയും ചെയ്തത്. എന്നാൽ സിപിഎം നേതൃത്വം വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
സിപിഎം തന്നെ പോലീസും കോടതിയുമായി പ്രവർത്തിക്കുകയാണ്. പോലീസ് പരിഹാസ്യരായി മാറിയെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി.
എം.വി. ഗോവിന്ദന് ഗാന്ധിജിയെയും ഗോൾവൾക്കറെയും കണ്ടാൽ തിരിച്ചറിയില്ലെന്നും ഗോവിന്ദനുമായി സംവാദത്തിനില്ലെന്നും അദ്ദേഹം പണ്ഡിതനാണെന്നും വി.ഡി.സതീശൻ പറഞ്ഞു.