ഹാമിൽട്ടണ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് രാജ്യാന്തര മത്സരങ്ങളുടെ എണ്ണത്തിലും റിക്കാര്‍ഡ്. വനിതാ ക്രിക്കറ്റിൽ 200 മത്സരങ്ങൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന നേട്ടം മിതാലി രാജ് സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലിറങ്ങിയതോടെയാണ് മിതാലി മത്സരങ്ങളുടെ എണ്ണത്തിലും മുന്നിലെത്തിയത്.
ഏകദിനത്തിൽ ലോകത്തിൽ ഏറ്റവും അധികം റണ്‍സ് നേടിയ വനിതാ താരമെന്ന റിക്കാർഡും ഇന്ത്യൻ ക്യാപ്റ്റന്റെ തൊപ്പിയിലെ പൊൻതൂവലാണ്. മുപ്പത്താറുകാരിയായ മിതാലിരാജ് 200 മത്സരങ്ങളിൽനിന്ന് 51.33 ശരാശരിയിൽ 6622 റണ്‍സ് നേടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലെ തെണ്ടുൽക്കർ എന്നാണ് മിതാലി രാജ് അറിയപ്പെടുന്നത്.
1999ൽ അയർലൻഡിനെതിരേ അരങ്ങേറ്റം കുറിച്ച മിതാലി രാജിന്റെ പേരിലാണ് ഏറ്റവും അധികം നാൾ രാജ്യാന്തര ക്രിക്കറ്റ് കളിച്ച വനിതാ താരമെന്ന റിക്കാർഡും.
പുരുഷന്മാരെയും ഉൾപ്പെടുത്തിയാൽ ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ കരിയറിൽ നാലാം സ്ഥാനത്താണ് മിതാലി. സച്ചിൻ തെണ്ടുൽക്കർ, ശ്രീലങ്കയുടെ സനത് ജയസൂര്യ, പാക്കിസ്ഥാന്റെ മിയാൻദാദ് എന്നിവരാണ് മിതാലിക്കു മുന്നിലുള്ളത്.