ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ രമേഷ് പവാറിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗറും ഉപനായിക സ്മൃതി മന്ഥാനയും ബിസിസിഐക്ക് കത്തെഴുതി. ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ മുതിർന്ന താരം മിതാലി രാജിനെ പുറത്തിരുത്തിയത് കൂട്ടായ തീരുമാനമായിരുന്നെന്ന് കത്തിൽ ഇരുവരും വ്യക്തമാക്കി.
15 മാസത്തിനുള്ളിൽ ട്വന്റി 20 ലോകകപ്പ്, ന്യൂസിലൻഡ് പര്യടനം എന്നിവ വരുന്നതിനാൽ പവാറിനെ നിലനിർത്തണമെന്നാണ് ഹർമനും സ്മൃതിയും കത്തിൽ ആവശ്യപ്പെടുന്നത്. പവാറിന്റെ കീഴിൽ വനിതാ ടീമിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചതെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖംമാറ്റിയത് പവാറാണെന്നും ഇരുവരും കത്തിൽ പറയുന്നു.
മുതിർന്ന താരം മിതാലി രാജുമായി വനിതാ ട്വന്റി-20 ലോകകപ്പിനിടെ ഉണ്ടായ അസ്വാരസ്യവും തുടർന്ന് ഇരുവരും നടത്തിയ പ്രത്യക്ഷ പ്രതികരണങ്ങളും പവാറിന്റെ പുറത്താകലിനു വഴിവച്ചിരുന്നു. വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ രമേഷ് പവാറിന്റെ കരാർ ബിസിസിഐ പുതുക്കിയില്ല. പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചതായാണു റിപ്പോർട്ട്. പരിശീലക സ്ഥാനത്തിനായി താത്പര്യമുള്ളവർ ആപ്ലിക്കേഷൻ സമർപ്പിക്കാൻ ബിസിസിഐ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
ലോകകപ്പ് സെമി കളിക്കുന്ന ടീമിൽനിന്ന് തഴഞ്ഞതിനെതിരേ മിതാലി പരസ്യമായി രംഗത്തെത്തിയതോടെയാണു വിവാദം ആരംഭിച്ചത്. മിതാലിക്കുന മറുപടിയുമായി പവാറും തിരിച്ചടിച്ചു വീണ്ടും മിതാലിയും രംഗത്തെത്തിയത് വനിതാ ക്രിക്കറ്റിനു നാണക്കേടായി.