പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മിഥാലി രാജ്. ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്. ‘ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങള്‍ ഇങ്ങനെ ചോദിക്കുമോ? നിങ്ങളുടെ ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരെന്ന് നിങ്ങള്‍ അവരോട് ചോദിക്കുമോ?’ -ഇതായിരുന്നു മാധ്യമപ്രവര്ത്തകന് മിഥാലി നല്കിയ മറുപടി.
ഈ ചോദ്യം താന്‍ പല തവണ കേട്ടിട്ടുണ്ടെന്നും ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണന എത്രത്തോളമുണ്ടെന്ന് ഈ ചോദ്യത്തിലൂടെ മനസ്സിലാക്കാമെന്നും മിഥാലി പറഞ്ഞു. ടെലിവിഷനില്‍ എപ്പോഴും കാണാത്തതുകൊണ്ടു തന്നെ വനിതാ താരങ്ങളെ ആര്‍ക്കുമറിയില്ല. കഴിഞ്ഞ രണ്ടു പരമ്പരകള്‍ സംപ്രേഷണം ചെയ്യാന്‍ ബി.സി.സി.ഐ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയും ഇപ്പോള്‍ സജീവമാണ്. എന്നിട്ടും വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. മിഥാലി വ്യക്തമാക്കി. ഇന്ത്യയിലെ പുരുഷ ക്രിക്കറ്റ് എവിടെ എത്തി നില്ക്കുന്നു അവിടേക്ക് വനിതാ ക്രിക്കറ്റും എത്തിച്ചേരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതല്ലാതെ വനിതാ ക്രിക്കറ്റിന് സ്വന്തമായി ലക്ഷ്യങ്ങളുണ്ടെന്ന് ആരും കരുതുന്നില്ല. എല്ലാവരും പുരുഷ ക്രിക്കറ്റ് പിന്തുടരുന്നു. വനിതാ ക്രിക്കറ്റും ഇവിടെയുണ്ട്. വല്ലപ്പോഴുമെങ്കിലും ശ്രദ്ധിക്കുക. ഞങ്ങളും കളിക്കുന്നത് രാജ്യത്തിനുവേണ്ടിയാണ്. മിഥാലി ചൂണ്ടിക്കാട്ടി. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ അംഗ്ലണ്ടിനെ നേരിടാനിരിക്കെ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യവും മിഥാലിയുടെ ഉത്തരവും.