മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങള്‍ വ്യക്തമാക്കി ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ബിസിസിഐക്ക് എഴുതിയ കത്തിലാണ് പരിശീലകന് രമേശ് പവാറിനും, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജിക്കും എതിരേ മിതാലി രാജ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു
തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടി ഫോമില്‍ നില്ക്കുന്ന സമയത്താണ് മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. സെമിയിൽ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതിന് ശേഷം ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുമ്പോഴാണ് കൂടുതല്‍ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
രണ്ടു പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായി അപമാനിക്കപ്പെട്ടതായും പുറകില്‍ നിന്നു കുത്തിയതായി തോന്നിയെന്നുമാണ് ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് മിതാലി പറയുന്നത്.
“അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്കിയതൊന്നും വില കല്പിക്കുന്നതായി തോന്നിയില്ല. അവര്‍ എന്നെ തകര്‍ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്’’. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനേയും അഭിസംബോധന ചെയ്തുള്ള ഇ മെയിലിൽ മിതാലി രാജ് പറഞ്ഞു.
പരിശീലകൻ രമേഷ് പവാറിനെയും ഡയാന എദുൽജിയേയും ആക്രമിക്കുന്പോഴും നായിക ഹര്മന് പ്രീത് കൗറിനെതിരേ തനിക്ക് ഉന്നയിക്കാൻ ആരോപണങ്ങളില്ലെന്നും മിതാലി കത്തിൽ പറയുന്നു. “ഹര്മന് പ്രീത് കൗറുമായി പ്രശ്നങ്ങളില്ലായിരുന്നു. എന്നെ ടീമില്‍ നിന്നും പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ അനുകൂലിച്ചതില്‍ ഒഴികെ ഹര്‍മന്‍പ്രീതുമായി അഭിപ്രായവ്യത്യാസങ്ങളില്ലായിരുന്നു.
രാജ്യം ലോകകപ്പ് നേടുന്നതാണ് ഞാന്‍ സ്വപ്നം കണ്ടത്. ഒരു സുവര്‍ണ്ണാവസരമാണ് നമ്മള് നഷ്ടപ്പെടുത്തിയത്. അതിൽ ഹർമന് പങ്കുണ്ടെന്നു ഞാൻ കരുതുന്നില്ല. പരിശീലകനെ അനുസരിക്കുകയല്ലാതെ മറ്റൊന്നും ഹർമന് കഴിയുമായിരുന്നില്ലെന്നാണ് ഞാൻ കരുതുന്നത്.” മിതാലി പറഞ്ഞു.
ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ ഹര്‍മന്‍പ്രീതിന്റെ നിലപാടും പാളിച്ചയും വിമര്‍ശനവിധേയമായിരുന്നു. അപ്പോഴും ടീം തെരഞ്ഞെടുപ്പ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍ ചെയ്തത്. “ഞങ്ങള്‍ തീരുമാനിച്ചതെല്ലാം ടീമിന്റെ വിജയത്തിനു വേണ്ടിയായിരുന്നു. അത് ചിലപ്പോള്‍ ഫലം കാണും. മറ്റുചിലപ്പോള്‍ നടക്കില്ല. കുറ്റബോധമില്ല’’എന്നായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ മത്സരശേഷം പ്രതികരിച്ചത്.
മുബൈയില്‍ ബിസിസിഐ സമിതിക്ക് മുന്നില്‍ മിതാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡയാന എദുല്‍ജി അറിവോടെ ആയിരുന്നു. എദുല്‍ജി ഉള്‍പ്പെടെ തനിക്കെതിരേ നീങ്ങി- മിതാലി കത്തിൽ പറഞ്ഞു. എദുല്ജിയെ ബഹുമാനിച്ചിരുന്നതായും അവര്‍ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മിതാലി കത്തില്‍ പറഞ്ഞു.