മുംബൈ: വെറ്ററൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പൊവാർ. പരിശീലനത്തിനിടെ മിതാലി വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഒട്ടും താത്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നതെന്നും ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയും ജി.എം.സബാ കരീമും വിളിച്ച യോഗത്തിൽ പൊവാർ പറഞ്ഞു.
ടീം മീറ്റിംഗിൽ മിതാലി ഒട്ടും പങ്കാളിത്തം കാണിച്ചിരുന്നില്ല. പോയിന്റ് പട്ടികയിൽ ആദ്യമെത്തിയിട്ടും അഭിനന്ദനത്തിന്റെ ഒരു വാക്കുപോലും പറഞ്ഞില്ല. ടീം പ്ലാനിനോടു ചേർന്നു പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അവർ സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയാണ് കളിച്ചിരുന്നത്.
ഇത് മറ്റു ബാറ്റ്സ്മാൻമാരിൽ സമ്മർദമുണ്ടാക്കി. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലും ബാറ്റിംഗിലും അവർക്ക് എല്ലാ സെഷനിലും പരിശീലനം നൽകേണ്ടിവന്നു. പരിശീലന മത്സരങ്ങളിൽപോലും അവർക്ക് മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ബാറ്റിംഗിൽ ഓപ്പണിംഗിൽനിന്നു മാറ്റിയത് അവരുടെ കൂടി സമ്മതത്തോടെയാണ്- പൊവാർ പറയുന്നു. മിതാലിയുടെ സ്ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി ഫൈനലിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയതെന്നും പൊവാർ വിശദീകരിച്ചു.
വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങൾ വ്യക്തമാക്കി മിതാലി രാജ് കഴിഞ്ഞ ദിവസം ബിസിസിഐക്ക് കത്തെഴുതിയിരുന്നു. പരിശീലകൻ രമേശ് പൊവാറിനും, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജിക്കും എതിരേ മിതാലി വൻ വിമർശനമാണ് ഉന്നയിച്ചത്.
ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ അർധ സെഞ്ചുറികൾ നേടി ഫോമിൽ നിൽക്കുന്ന സമയത്താണ് മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കിയത്. സെമിയിൽ തോറ്റ് ഇന്ത്യ ലോകകപ്പിൽനിന്ന് പുറത്താവുകയും ചെയ്തു. അതിനുശേഷം ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ പുകയുന്പോഴാണ് കൂടുതൽ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയത്.