വിവാഹത്തോടെ സിനിമാരംഗം വിട്ട നടി മിത്ര കുര്യൻ മടങ്ങിയെത്തുന്നു. ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുന്പത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും മിത്ര കുര്യൻ എന്ന നടിയെ മലയാളികൾക്ക് പരിചയം, ബോഡി ഗാർഡ് എന്ന ചിത്രത്തിലൂടെയാണ്. നയൻതാര പ്രണയിച്ച ദിലീപിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന സേതുലക്ഷ്മിയായാണ് മിത്ര കുര്യൻ ഈ ചിത്രത്തിൽ തിളങ്ങിയത്.
ഈ കഥാപാത്രത്തിന് പകരം മറ്റൊരു നടിയെ കണ്ടെത്താൻ കഴിയാത്തത് കൊണ്ടാവും, ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഇളയദളപതി വിജയ്യെയും മിത്ര തട്ടിയെടുത്തു. തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടു. ബോഡി ഗാർഡിന് ശേഷം ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ മിത്ര ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ വിവാഹ ശേഷം എല്ലാ നായികമാരെയും പോലെ കളം വിട്ടു. ഇപ്പോഴിതാ രണ്ടു വർഷത്തെ ഇടുവേളയ്ക്ക് ശേഷം മിത്ര കുര്യൻ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. കവടിയും വിത്തും എന്ന ചിത്രത്തിലൂടെയാണ് മിത്രയുടെ മടങ്ങിവരവ്. തമിഴ്നടൻ ശ്രീകാന്താണ് ചിത്രത്തിലെ നായകൻ.
നവാഗതനായ അരുണ്‍ നിശ്ചലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത കീബോർഡ് പ്ലെയർ സ്റ്റീഫൻ ദേവസ്യയുടെ ട്രൂപ്പിലെ കലാകാരനായ വില്യം ഫ്രാൻസിസാണ് മിത്രയുടെ ഭർത്താവ്. സ്റ്റേജ് ഷോയ്ക്കിടെ പരിചയപ്പെട്ട മിത്രയുടെയും വില്യമിന്റെയും സൗഹൃദം പ്രണയത്തിലും വിവഹത്തിലുമെത്തുകയായിരുന്നു.