ഏതാനും സിനിമകളിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മിത്ര കുര്യന്. ഇപ്പോള്‍ താരം തിളങ്ങുന്നത് സീരിയല്‍ രംഗത്താണ്.
വിസ്മയത്തുമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റ കരിയറില്‍ വഴിത്തിരിവായത് ദിലീപ് ചിത്രം ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു.
വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്കിയ താരം മിനിസ്ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.
ആറ് വര്‍ഷത്തോളമാണ് മിത്ര ക്യാമറയ്ക്ക് മുന്പില് നിന്നും അപ്രത്യക്ഷമായത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തിയത്.
ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷന്‍ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്.
അതേസമയം, സീരിയലുകള്‍ അവിഹിതത്തെ മഹത്വല്‍ക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകള്‍ ഒക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തില്‍ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി.
സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ അത് കാണുന്നവര്‍ അല്ലെന്നും അതിന്റെ പ്രേക്ഷകര്‍ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു.
സീരിയലിന് ഒരിക്കലും സിനിമ പോലെയാകാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വരുംകാലങ്ങളില്‍ സീരിയലുകളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും മിത്ര പറഞ്ഞു.
യുവാക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സീരിയലുകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. വെബ്സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങള്‍ കാണുന്ന യുവാക്കള്‍ ടെലിവിഷനിലേക്ക് എത്തുമ്പോള്‍ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.
മിത്രയുടെ പറയുന്നതിങ്ങനെ…അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താന്‍ ഞാന്‍ ഏറെ സമയമെടുത്തു.
സിനിമ എന്നതിനുള്ളില് നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല. അക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീര്‍ച്ചയായിരുന്നു.
ബിഗ് സ്ക്രീനിലൂടെ ആയാലും മിനി സ്ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. കോവിഡ് സമയത്താണ് ഞാന്‍ അമ്മ മകളുടെ കഥ കേള്‍ക്കുന്നത്.
അമ്മയും മകളും തമ്മിലുള്ള അതുല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ എനിക്ക് വേണ്ട സമയമെടുത്തു, അതിന്റെ ഗുണദോഷങ്ങള്‍ ആലോചിച്ച ശേഷം, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. എന്തായാലും ഇപ്പോള്‍ ഞാന്‍ ഈ ജോലി ആസ്വദിക്കുന്നുണ്ട്.
സീരിയലുകള്‍ എനിക്ക് ശരിയാകുമോ എന്ന ടെന്‍ഷനും എനിക്ക് ഉണ്ടായിരുന്നു. ക്യമറയ്ക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, പക്ഷേ ഇത് തീര്‍ത്തും വ്യത്യസ്തമായ ലോകമാണ്.
ഞാന്‍ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് (സംവിധായകന് സിദ്ധിഖ്) ഞാന്‍ നന്ദി പറയുന്നത്. ഏറ്റവും നല്ല സ്വാഭാവിക അഭിനയമാണ് ഞാന്‍ പഠിച്ചത്.
സിനിമയില്‍ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീര്‍ക്കുന്നതെങ്കില്‍ സീരിയലില്‍ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂര്‍ത്തിയാകും. മറ്റൊരു വ്യത്യാസം ഡയലോഗ് പ്രോംപ്റ്റിംഗാണ്.
ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു. സിനിമകളില്‍ സ്ക്രിപ്റ്റ് വായിച്ച് പഠിച്ച് ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കും.
ഭാവിയില്‍ സിനിമകള്‍ വരുമ്പോള്‍ ഇതൊന്നും എന്നെ ബാധിക്കില്ല. ഒപ്പം നല്ല സീരിയലുകള്‍ വന്നാല്‍ അത് ചെയ്യും.