റാന്നി: റാന്നി കേന്ദ്രീകരിച്ച് വർഷങ്ങളായി കഞ്ചാവു വില്പന നടത്തിവന്ന മണിയപ്പൻ എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം പോലീസ് കുമളി സ്വദേശിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെയാണ് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നേതൃത്വത്തില്‍ ഇന്നലെ വീണ്ടും കഞ്ചാവുമായി കുപ്രസിദ്ധ വില്പനക്കാരനെ പിടികൂടിയത്.
അത്തിക്കയം പഞ്ചായത്ത് വക സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അത്തിക്കയം ചെമ്പനോലി തകിടിയില്‍ കിട്ടന്റെ മിഠായി മണി എന്ന മണിയപ്പനാ (59) ണ് പിടിയിലായത്. പത്തനംതിട്ട എക്സൈസ് സ്പെഷല്‍ സ്കാഡ് സിഐ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, ഐബി ഇൻസ്പെക്ടർ കൃഷ്ണ കുമാർ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ഇയാള്‍ക്കെതിരെ നിലവിൽ 15 എൻഡിപിഎസ് കേസ് ഉണ്ട്. മണിയപ്പന് കുമളിയിൽ നിന്നും കറുപ്പ് സ്വാമി എന്നയാളില്‍ നിന്നും കിലോയ്ക്ക് 12000 രൂപ വിലയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. റാന്നി താലൂക്കിലെ വിവിധ ഭാഗങ്ങളിലാണ് ഇയാളുടെ വില്പന കേന്ദ്രങ്ങൾ.