കോഴിക്കോട്: മിഠായി ത്തെരുവിലെ വാഹനനിയന്ത്രണത്തിനെതിരെ വീണ്ടും പ്രതിഷേധസമരങ്ങളുമായി വ്യാപാരികള്‍ . അശാസ്ത്രീയമായ വാഹനനിയന്ത്രണം കച്ചവടത്തെ നഷ്ടത്തിലാക്കുന്നുവെന്നാരോപിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ഹസന്‍കോയ വിഭാഗം നടത്തുന്ന ഉപവാസസമരം തുടങ്ങി. കിഡ്സണ്‍ കോര്‍ണറിലാണ് ഉപവാസസമരം ആരംഭിച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ.ഹസ്സന്‍കോയയും ജില്ലാ ഭാരവാഹികളുമാണ് ഉപവസിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വാഹനിയന്ത്രണം ചരക്കു നീക്കത്തെയും കച്ചവടക്കാരെയും ബാധിച്ചതോടെ പലരും ആത്മഹത്യയുടെ വക്കിലാണന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.
പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ടപ്പെട്ടവര്‍ നടപടികള്‍ എടുക്കാത്ത സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. നിലവിലുള്ള വാഹനനിയന്ത്രണത്തില്‍ ഇളവു വരുത്തി രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.സുനില്‍കുമാര്‍ , സി.എച്ച് റഷീദ് , സി.എ.കുഞ്ഞിമൊയ്തീന്‍ , ടി.എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം കേരള സംസ്ഥാന വ്യാപാരിസമിതിയുടെ കീഴില്‍ ഇതേ ആവശ്യമുന്നയിച്ച് വ്യാപാരികള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാലസമരം നടത്തും. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് തെരുവിലെ ഇരുപതോളം കടകള്‍ പൂട്ടിയതായി വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് സമരം നടത്തുന്നത്.