കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനം ചെയ്യുന്ന നാളെ കടകളടച്ചിട്ട് പ്രതിഷേധിക്കാന്‍ വ്യാപാരികളുടെ തീരുമാനം. നാളെ വൈകുന്നേരം അഞ്ചുമുതല്‍ കടകള്‍ അടച്ചിടുമെന്ന് ഇന്ന് രാവിലെ ചേര്‍ന്ന സംയുക്ത സമരസമിതിയോഗത്തില് തീരുമാനമായി. നാളെ വൈകുന്നേരം എഴിനാണ് മുഖ്യമന്ത്രി പിണറായി വിജയന് മിഠായിത്തെരുവ് ഉദ്ഘാടനം ചെയ്യുന്നത്.
മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തുന്ന ദിവസം തന്നെ കടകളടച്ചിട്ട് പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കാനാണ് തീരുമാനം. മിഠായിത്തെരുവിലൂടെ വാഹനഗതാഗതം പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതുടര്ന്നാണ് പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിപുലമായ ഉദ്ഘാടന ചടങ്ങാണ് നാളെ മാനാഞ്ചിറ സ്ക്വയറില്‍ ജില്ലാഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. വ്യാപാരികള്‍ നിസ്സഹരിക്കുമ്പോഴും ഉദ്ഘാടനം കെങ്കേമമാക്കാന്‍ തന്നെയാണ് തീരുമാനം. കടകള്‍ അടിച്ചിടുന്നതിനോട് ഒരു വിഭാഗം വ്യാപാരികള്‍ക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്.